ഇന്ത്യയെ അപമാനിച്ചെന്ന ആരോപണത്തിന് ലോക്‌സഭയില്‍ താന്‍ മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

ന്യദല്‍ഹി- വിദേശത്തു പോയി ഇന്ത്യയെ അപമാനിച്ചുവെന്ന ബി. ജെ. പിയുടെ ആരോപണത്തിന് താന്‍ ലോക്‌സഭയില്‍ മറുപടി പറയുമെന്ന് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

നാല് മന്ത്രിമാരാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അതിന് മറുപടി പറയാന്‍ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ തന്റെ അവകാശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ ലഭിച്ച അവസരം തനിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദമാക്കി. 

തനിക്ക് അവസരം നല്കാതെ നിശ്ശബ്ദനാക്കപ്പെടുമോ എന്നു  കണ്ടറിയേണ്ടതുണ്ടെന്നു പറഞ്ഞ രാഹുല്‍ അദാനി വിഷയവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനു പോലും മോഡി ഉത്തരം നല്‍കിയിട്ടില്ലെന്നും പറഞ്ഞു. ഈ വിഷയം പാര്‍ലമെന്റില്‍ വരുന്നതിനെ മോഡി പേടിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. 

ലോക്‌സഭയില്‍ സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി എം. പിക്ക് അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് ശശി തരൂര്‍ എം. പിയും രംഗത്തെത്തി. അദ്ദേഹം സംസാരിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ബി. ജെ. പി തടസപ്പെടുത്തുകയാണ്. അദ്ദേഹത്തിന് സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള അവസരം നല്‍കിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 

ബി. ജെ. പിക്ക് രാഹുല്‍ ഗാന്ധിയെ കേള്‍ക്കാന്‍ താത്പര്യമില്ല. രാഹുല്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ തടസപ്പെടുത്താന്‍ ബി. ജെ. പി ശ്രമിക്കും. പറയാത്ത കാര്യമാണ് രാഹുല്‍ പറഞ്ഞെന്ന് പ്രചരിപ്പിക്കുന്നത്. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

Latest News