മെല്‍ബണ്‍- ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളെ ലഹരി നല്‍കി ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രമുഖ ഇന്ത്യന്‍ വംശജന്‍ ഓസ്‌ട്രേലിയയില്‍ വിചാരണ നേരിടുന്നു. ഇയാള്‍ പതിമൂന്ന് സ്ത്രീകളെ മദ്യം നല്‍കി അതിക്രൂരമായി ബലാത്സംഗം ചെയ്തതായാണ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചത്. കൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നു. അന്വേഷണ സംഘം പിടിച്ചെടുത്ത ഇത്തരത്തിലുള്ള 47 വീഡിയോകള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച ജൂറി അവ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്ര പ്രകാരം ബാലേഷ് ധന്‍ഖര്‍ കൊറിയന്‍ വംശജരായ സ്ത്രീകളെയായിരുന്നു മുഖ്യമായും ഇരകളായി തെരഞ്ഞെടുത്തത്. ഇവര്‍ക്കായി ജോലി വാഗ്ദാനം ചെയ്ത് പത്രത്തില്‍ പരസ്യം നല്‍കും. പത്ര പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് എത്തുന്ന സ്ത്രീകളെ മദ്യത്തില്‍ രാസപദാര്‍ത്ഥം നല്‍കി പീഡിപ്പിക്കുന്നതായിരുന്നു രീതി. കൃത്യത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് കൂടാതെ ഇരകളുടെ പേരു വിവരങ്ങള്‍ ഇയാള്‍ ലഡ്ജറില്‍ സൂക്ഷിച്ചിരുന്നതായാണ് പ്രോസിക്യൂഷന്‍ അറിയിക്കുന്നത്. പീഡനത്തിരയായ പല സത്രീകളും ലഹരിയുടെ വീര്യം കാരണം തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി കരുതിയിരുന്നില്ല എന്നാണ് കോടതിയെ അറിയിച്ചത്. നിലവില്‍ സിഡ്‌നിയിലെ ന്യൂ സൗത്ത് വെയില്‍സ് ജില്ലാ കോടതിയിലാണ് ബാലേഷ് ധന്‍ഖര്‍ വിചാരണ നേരിടുന്നത്. ബലാത്സംഗക്കുറ്റം കൂടാതെ ഇരകള്‍ക്ക് നിര്‍ബന്ധിച്ച് ലഹരി നല്‍കി, കുറ്റകൃത്യത്തിനായി പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളിലും പ്രതി വിചാരണ നേരിടുന്നത്.