ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നൊബേൽ സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന് പറഞ്ഞിട്ടേയില്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും നൊബേൽ സമ്മാന സമിതി വൈസ് പ്രസിഡന്റ് അസ്ല ടോജെ. നൊബേൽ സമാധാന സമ്മാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി നരേന്ദ്രമോഡിയാണെന്ന് അസ്ല ടോജെ പറഞ്ഞതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യാ സന്ദർശനത്തിന് എത്തിയതായിരുന്നു അസ്ല ടോജെ. മോഡിക്ക് സമാധാന നൊബേൽ എന്നു ഞാൻ പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. അതിന് ഊർജമോ ഓക്‌സിജനോ നൽകരുത്. ഇതുമായി സാദൃശ്യമുള്ള എന്തെങ്കിലും ഞാൻ പറഞ്ഞുവെന്നത് നിഷേധിക്കുന്നു- അദ്ദേഹം പറഞ്ഞു.
അതേസമയം, ടൈംസ് നൗ അഭിമുഖത്തെ ഉദ്ധരിച്ചാണ് ഈ വാർത്ത വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പോട്ടത്. ടൈംസ് നൗവിന് ടോജെ അഭിമുഖം നൽകിയിരുന്നു. അതിൽ റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോഡിയുടെ നിലപാടിനെ ടോജെ അഭിനന്ദിക്കുകയും ഇന്ത്യ പോലുള്ള ശക്തമായ രാജ്യത്തുനിന്ന് ഇത്തരമൊരു നിലപാട് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
'ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതിൽ ഞങ്ങളുടെ നേതാവ് മോഡിജിയെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്ന ടൈംസ് നൗ റിപ്പോർട്ടറുടെ ചോദ്യത്തോട്, 'ലോകമെമ്പാടും മോഡി സമാധാനമുണ്ടാക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടില്ലെന്നും എന്നാൽ ഉക്രൈനിന് നേരയുള്ള ആക്രമണത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ റഷ്യക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി മോഡി ഇടപെട്ടത് ഞാൻ ശ്രദ്ധിച്ചുവെന്നും അക്കാര്യത്തിൽ വളരെ സന്തോഷവാനാണെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളും ഈ സന്ദേശം നൽകണമെന്നും ടോജോ മറുപടി നൽകിയിരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു ശക്തമായ രാജ്യത്ത് നിന്ന് ഇങ്ങിനെ വരുമ്പോൾ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്നം ടോജോ കൂട്ടിച്ചേർത്തു.
ഏതാനും വർഷങ്ങളായി മോഡി പ്രധാനമന്ത്രിയാണ്, ലോകത്തിലെ മുതിർന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് മോഡി. ഇന്ത്യ ഒരു വികസ്വര രാജ്യമെന്ന നിലയിൽ നിന്ന് ഈ ലോകത്തിലെ പ്രാഥമിക സമ്പദ് വ്യവസ്ഥകളിലൊന്നായി റെക്കോർഡ് സമയത്തിനുള്ളിൽ മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ സംസാരിക്കുമ്പോൾ അത് സൗഹൃദപരമായ ശബ്ദത്തോടെയും ഭീഷണികളില്ലാതെയും ആയിരിക്കുമെന്നും ടോജോ പറഞ്ഞു.
എന്നാൽ ഈ വാക്ക് മാത്രം എടുത്താണ് മോഡിയാണ് സമാധാന നൊബേലിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തത്.
ടൈംസ് നൗ എഡിറ്റർ രാഹുൽ ശിവശങ്കർ മോഡി പുരസ്‌കാരത്തിനുള്ള 'ഏറ്റവും വലിയ മത്സരാർത്ഥി' ആണെന്ന തെറ്റായ ഉദ്ധരണി ട്വീറ്റ് ചെയ്തു. ഇതാണ് പലരും പിന്നട് മോഡിക്ക് നൊബേൽ സമാധാന പുരസ്‌കാര സാധ്യത എന്ന തരത്തിൽ പ്രചരിപ്പിച്ചത്.