മുംബൈ - വിരാട് കോഹ്‌ലിയെയും സ്മൃതി മന്ദാനയെയും ഈ വർഷത്തെ മികച്ച ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങളായി ബി.സി.സി.ഐ തെരഞ്ഞെടുത്തു. കോഹ്‌ലിക്ക് അഞ്ചാം തവണയാണ് മികച്ച പുരുഷ താരത്തിനുള്ള പോളി ഉംറിഗർ ബഹുമതി ലഭിക്കുന്നത്. ആദ്യമായാണ് മികച്ച വനിതാ താരത്തിന് ബി.സി.സി.ഐ അവാർഡ് നൽകുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച വനിതാ താരമായി ഹർമൻപ്രീത് കൗറിനെയും തെരഞ്ഞെടുത്തു. ചൊവ്വാഴ്ച ബംഗളൂരുവിൽ അവാർഡ് സമ്മാനിക്കും. 30 ലക്ഷം രൂപയും ബഹുമതി പത്രവുമാണ് അവാർഡ്. 2012, 2015, 2016, 2017 വർഷങ്ങളിലും കോഹ്‌ലി ഈ ബഹുമതി നേടിയിരുന്നു.
കോഹ്‌ലി ഇപ്പോൾ ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. മൂന്നു വർഷമായി മികച്ച ഫോമിലാണ്, 91.90 ശരാശരിയിൽ 2757 റൺസടിച്ചു. തുടർച്ചയായി നാല് പരമ്പരകളിൽ ഡബ്ൾ സെഞ്ചുറിയടിച്ച് ചരിത്രം സൃഷ്ടിച്ചു. തുടർച്ചയായ ഒമ്പത് പരമ്പരകളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കോഹ്‌ലിയെ ജനുവരിയിൽ ഐ.സി.സിയും പ്ലയർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തിരുന്നു.