കൽപ്പറ്റ - ബ്രഹ്മപുരത്തെ തീ കെടുത്താൻ ചെയ്യാവുന്നതെല്ലാം ചെയ്തിരുന്നുവെന്നും വയനാട്ടിലേക്കുള്ള സ്ഥലംമാറ്റം സ്വാഭാവികമെന്നും ഐ.എ.എസ് ഉദ്യോഗസ്ഥ രേണു രാജ് പറഞ്ഞു. വയനാട് ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോടായി പ്രതികരിക്കുകയായിരുന്നു അവർ.
സ്ഥലം മാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണ്. ബ്രഹ്മപുരം വിഷയത്തിൽ എറണാകുളം കലക്ടറെന്നെ നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാണ് വയനാട് കലക്ടറായി ചുമതലയേല്‍ക്കുന്നതെന്നും കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എത്തിയ രേണു രാജ് പ്രതികരിച്ചു.
കൊച്ചിയെ വിഷമയമാക്കിയ ബ്രഹ്മപുരം തീ പിടുത്ത വിവാദങ്ങൾക്കിടെയായിരുന്നു മറ്റു ട്രാൻസ്ഫറുകൾക്കൊപ്പം എറണാകുളത്ത് നിന്ന് രേണു രാജിനെയും വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. യാത്രയയപ്പ് ചടങ്ങുകൾക്കോ പുതിയ കലക്ടറെ ചുമതല നേരിട്ട് ഏൽപ്പിക്കാനോ നിൽക്കാതെ സർക്കാർ ഉത്തരവ് വന്ന ദിവസം തന്നെ ജീവനക്കാരോട് യാത്ര പറഞ്ഞ് ഇറങ്ങുകയായിരുന്നു രേണു രാജ്.