കൊച്ചി- നടൻ മോഹൻലാൽ താര സംഘടനയായ 'അമ്മ' യുടെ പ്രസിഡന്റാകും. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് രാജിവെക്കുന്ന ഒഴിവിലാണ് മോഹൻലാലിനെ പ്രസിഡന്റാക്കാൻ ധാരണയായത്. ഈ മാസം 24 ന് കൊച്ചിയിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിൽ അദ്ദേഹം സ്ഥാനമേൽക്കുമെന്നാണ് സൂചന. പൊതുസ്വീകാര്യനെന്ന നിലയിലാണ് മോഹൻലാലിനെ പരിഗണിക്കുന്നത്. ഇടവേള ബാബു സെക്രട്ടറിയാകും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട ദിലീപ് അമ്മയിൽ തിരിച്ചെത്തുമെന്നും താരസംഘടനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഏകകണ്ഠമായാൽ മാത്രമേ മത്സരത്തിനുണ്ടാകൂവെന്നാണ് മോഹൻലാൽ സഹപ്രവർത്തകരോട് പറഞ്ഞത്. രണ്ടാമതൊരാൾ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ താൻ പിന്മാറുമെന്നാണ് മോഹൻലാലിന്റെ നിലപാട്. ജനറൽ സെക്രട്ടറിയായി മത്സരിക്കാനൊരുങ്ങുന്ന ഇടവേള ബാബുവും ഇതേ നിലപാടിലാണ്. എന്നാൽ മോഹൻലാലിന്റെ പാനലിനെതിരെ ആരും മത്സരിക്കില്ലെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് അമ്മ നേതൃത്വവുമായി ഇടഞ്ഞ മഞ്ജു വാര്യരും സുഹൃത്തുകളായ യുവനടിമാരും അവർക്കൊപ്പം നിലയുറപ്പിച്ച പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളും മോഹൻലാലിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ അടുപ്പക്കാരും മോഹൻലാലിനെ പിന്തുണക്കുന്ന നിലപാടാണ് എടുക്കുക.
ദിലീപിനെതിരായ നടപടി പുനഃപരിശോധിക്കാനുള്ള നിർണായക തീരുമാനം ജനറൽ ബോഡിയിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ചേർന്ന അവൈലബിൾ എക്സിക്യൂട്ടീവ് ആണ് ദിലീപിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം പൊതുയോഗത്തിൽ ചർച്ചക്കെടുക്കും. പൊതുയോഗം അന്തിമ തീരുമാനവും എടുക്കും. അമ്മയിലെ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമായതിനാൽ ദിലീപിനെ പുറത്താക്കിയ നടപടി ജനറൽ ബോഡി ഭൂരിപക്ഷ തീരുമാന പ്രകാരം തള്ളിക്കളയാനാണ് സാധ്യത. എന്നാൽ കേസിൽ കോടതി വിധി വരുന്നതു വരെ ദിലീപ് അമ്മയിൽനിന്ന് വിട്ടു നിൽക്കുമെന്നാണ് അറിയുന്നത്.
എം.പിയായ ശേഷം അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിയാൻ ഇന്നസെന്റ് പലവട്ടം സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും പൊതുസ്വീകാര്യതയുള്ള പകരക്കാരനെ കണ്ടെത്താൻ കഴിയാത്തതിനാൽ അമ്മ ഇത് അംഗീകരിച്ചിരുന്നില്ല. തുടർച്ചയായി 17 വർഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടർച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. 2015 മുതൽ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടനയുടെ പൊതു നിലപാടിനെതിരെ രംഗത്തുവന്ന പൃഥ്വിരാജിനും രമ്യാനമ്പീശനുമെതിരെ അച്ചടക്ക നടപടി വരുമെന്ന് പ്രചാരണമുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് അമ്മ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ അമ്മയുടെ നിലപാടിനെതിരെ രമ്യാ നമ്പീശനും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ നടിയെ പിന്തുണയ്ക്കുകയും അമ്മയുടെ നിലപാടിനു വിരുദ്ധമായ സമീപനം സ്വീകരിക്കുകയും ചെയ്തത് ദിലീപ് അനുകൂലികളെ ചൊടിപ്പിച്ചിരുന്നു.