ന്യൂദല്‍ഹി- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നെന്ന് നൊബേല്‍ സമ്മാന കമ്മറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്ലെ തോജെ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തോജെയുടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മോഡിയുടെ ഭരണനയങ്ങള്‍ ഇന്ത്യയെ സമ്പന്നവും ശക്തവുമാക്കുന്നതായും താന്‍ മോഡിയുടെ വലിയ ആരാധകനാണെന്നും തോജെ അഭിമുഖത്തില്‍ പറഞ്ഞു. വിശ്വസ്തനായ നേതാവ് മോഡിയെന്ന് പറയാനും തോജെ മറന്നില്ല.
രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാനുള്ള കഴിവുള്ളയാളാണ് മോഡിയെന്ന അഭിപ്രായക്കാരനാണ് തോജെ. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം മോഡിക്കാണ് ലഭിക്കുന്നതെങ്കില്‍ അര്‍ഹതയ്ക്കുള്ള അംഗീകാരം ലഭിക്കുന്ന ചരിത്ര നിമിഷമാണതെന്നും ഒരുമുഴം മുമ്പേ തോജെ എറിയുന്നുണ്ട്.
2018ല്‍ രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് സോള്‍ സമാധാന പുരസ്‌കാരം മോഡിക്ക് നല്‍കിയിരുന്നു. സോള്‍ പുരസ്‌കാരം നേടിയ പലരും പിന്നീട് നൊബേല്‍ സമാധാന പുരസ്‌കാരവും നേടിയിട്ടുണ്ട്.