മാപ്പു പറയുന്ന പ്രശ്‌നമില്ല മിസ്റ്റര്‍ ഗോവിന്ദന്‍, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേസ് കൊടുത്തോളുവെന്ന് സ്വപ്‌ന സുരേഷ്

ബെംഗളുരു -  തനിക്കെതിരെ മനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അയച്ച നോട്ടീസില്‍ മാപ്പു പറയുന്ന പ്രശ്‌നമില്ലെന്ന്  സ്വപ്‌ന സുരേഷ്. പറഞ്ഞത് പിന്‍വലിച്ച് മാപ്പുപറയുകയോ, നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നാണ് എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാപ്പുപറയുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യില്ലെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എം.വി ഗോവിന്ദന്‍ എന്നയാളെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഞാന്‍ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. അദ്ദേഹം തന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിജേഷ് പിള്ള പറഞ്ഞ അറിവ് മാത്രമേ തനിക്കുള്ളൂ. എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് തന്റെ അഭിഭാഷകന്‍ മറുപടി നല്‍കും. വിജേഷ് പിള്ളയുടെ പരാതിയില്‍ ഇപ്പോള്‍ കണ്ണൂരിലെ ക്രൈംബ്രാഞ്ച് തനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. തന്നെ കേസില്‍ കുടുക്കി മൂന്ന് വര്‍ഷമെങ്കിലും ജയിലില്‍ അടയ്ക്കുമെന്ന്  ചിലര്‍ പറഞ്ഞതായി വിജേഷ് പിള്ള വ്യക്തമാക്കിയിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എനിക്കെതിരെ എല്ലാ ജില്ലകളിലും കേസെടുത്താലും താന്‍ പിന്‍മാറുന്ന പ്രശ്‌നമില്ലെന്നും തനിക്ക് ജീവനുണ്ടെങ്കില്‍ മുഖ്യമന്ത്രിയും കുടുംബവും ഉള്‍പ്പെടെ സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ള മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സ്വപ്‌ന പറഞ്ഞു.

 

 

Latest News