തിരുവനന്തപുരം: നിയമസഭയിലെ നടപടി ക്രമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സഭാ ടിവിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളൊന്നും തന്നെ കാണിക്കാന്‍ സഭാ ടിവി തയ്യാറാകുന്നില്ലെന്നും ഭരണപക്ഷത്തിന് വേണ്ടി മാത്രമാണ് സഭാ ടിവിയുടെ പ്രവര്‍ത്തനമെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് സഭാ ടിവി ഉന്നതാധികാര സമിതിയില്‍ നിന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ രാജിവെയ്ക്കും. ആബിദ് ഹുസ്സൈന്‍ തങ്ങള്‍, റോജി എം ജോണ്‍, എം വിന്‍സെന്റ്, മോന്‍സ് ജോസഫ് എന്നീ പ്രതിപക്ഷ എം എല്‍ എമാരാണ് ഉന്നതാധികാര സമിതിയിലുള്ളത്. അവര്‍ എല്ലാവരും രാജി വെയ്ക്കും. കഴിഞ്ഞ കുറച്ചു നാളുകളായി സഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ സഭാ ടിവി കാണിക്കാറില്ല. ഇന്നലെ സ്പീക്കറുടെ ഓഫിസിനു മുന്നില്‍ നടന്ന പ്രതിപക്ഷ സമരത്തിന്റെ ദൃശ്യങ്ങളും സഭാ ടിവി കാണിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയാണുണ്ടായത്.