അസഹിഷ്ണുത ദേശീയ സ്വത്വത്തെ കളങ്കപ്പെടുത്തും; ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ്

നാഗ്പൂര്‍- ഏവരും ഉറ്റുനോക്കിയ ആര്‍ എസ് എസ് ആസ്ഥാനത്തെ മുന്‍ രാഷ്ട്രപതി കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജിയുടെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത് ദേശീയതയും സഹിഷ്ണുതയും ബഹുസ്വരതയും. ഇന്ത്യയുടെ കരുത്ത് സഹിഷ്ണുതയിലാണെന്നും അസഹിഷ്ണുത നമ്മുടെ ദേശീയ സ്വത്വത്തെ നശിപ്പിക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നും പ്രണബ് പറഞ്ഞു. 

പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം: 

സഹിഷ്ണുതയാണ് ഇന്ത്യയുടെ ശക്തി. നാം ബഹുസ്വരതയെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ബഹുവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങലും ഇഴുകിച്ചേര്‍ന്ന് കൂടിക്കലര്‍ന്ന് പ്രക്രിയയിലൂടെയാണ് നമ്മുടെ ദേശീയ അസ്ഥിത്വം രൂപപ്പെട്ടത്. ഇതു നമ്മെ വേറിട്ടു നിര്‍്ത്തുകയും സഹിഷ്ണുതയുള്ളവരാക്കുകയും ചെയ്യുന്നു. സാര്‍വത്രികതയില്‍ നിന്നാണ് ഇന്ത്യയുടെ ദേശീയത ഉത്ഭവിച്ചത്. ഏതെങ്കിലും തത്വസംഹിതയോ മതമോ പ്രാദേശികതയോ വിദ്വേഷമോ അസഹിഷ്ണുതയോ കൊണ്ട് നമ്മുടെ രാഷ്ട്രത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മുടെ സ്വത്വത്തെ കളങ്കപ്പെടുത്തും. ചരിത്രത്തിലെ ഇന്ത്യന്‍ ഭരണാധികാരികളും വിദേശ ഘടകങ്ങളും ഇന്ത്യയുടെ സാംസ്‌കാരിക പരിസരങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. 

ഇന്ത്യ എന്ന രാജ്യത്തിന്റെ ഉത്ഭവം ബിസി ആറാം നൂറ്റാണ്ടിലാണ്. 600 വര്‍ഷത്തോളം മുസ്ലിംകളാണ് ഇന്ത്യ ഭരിച്ചത്. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം പിടിച്ചെടുത്തു. പിന്നീട് ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യ രാജ്ഞിയുടെ ഭരണപ്രദേശമായി മാറി. എങ്കിലും നാം ഓര്‍ക്കേണ്ട കാര്യം പല ഭരണാധികാരികള്‍ വന്നു പോയെങ്കിലും 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ നാഗരികതയുടെ തുടര്‍ച്ചയ്ക്ക് ഭംഗമുണ്ടായില്ല എന്നതാണ്. 

ആധുനിക ഇന്ത്യ എന്ന ആശയം ഏതെങ്കിലും വര്‍ഗത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല. നമ്മുടെ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക പരിഷ്‌കാരത്തിന്റെ മാഗനകാര്‍ട്ടയാണ് നമ്മുടെ ഭരണഘടന. നാം ഒരു ശത്രുവിനേയും നിര്‍വചിക്കുന്നില്ല. അതാണ് ഭാരതത്തെ ജനാധിപത്യപരവും ഐക്യപ്പെട്ടതുമായ രാജ്യമാക്കി മാറ്റുന്നത്. 

രാജ്യം സംഘര്‍ഷങ്ങളില്‍ നിന്നും ഏറ്റുമുട്ടലുകളില്‍ നിന്നും സമാധാനത്തിലേക്കും സന്തോഷത്തിലേക്കും മൂന്നോട്ടു പോകേണ്ടതുണ്ട്്. ഇന്ത്യ വളരെ വേഗം വളരുന്ന സാമ്പത്തിക ശക്തിയാണെങ്കിലും ജനക്ഷേമ സൂചികയില്‍ വളരെ പിന്നിലാണ്. രാജ്യത്തിന്റെ ലക്ഷ്യം ദാരിദ്ര്യത്തിനും രോഗങ്ങള്‍ക്കുമെതിരെ പൊരുതാന്‍ ജനങ്ങളെ ഉണര്‍ത്തുക എന്നതായിരിക്കണം.
 

Latest News