അബുദാബി-കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനും വിവാഹം ചെയ്യാതിരിക്കാനും യുവാവ് മരിച്ചതായി കള്ളക്കഥയുണ്ടാക്കിയെന്ന ആരോപണവുമായി യുവതി കോടതിയിലെത്തി. എന്നാല്‍ പണം നല്‍കിയത് തെളിയിക്കാന്‍ യുവതിക്ക് സാധിക്കാത്തതിനെ തുടര്‍ന്ന് കോടതി കേസ് തള്ളി.
ക്യാന്‍സര്‍ ബാധിതനാണെന്നും ചികിത്സക്കായി വിദേശത്ത് പോകണമെന്നും വിശ്വസിപ്പിച്ച് രണ്ടേകാല്‍ ലക്ഷം ദിര്‍ഹം വായ്പ വാങ്ങിയെന്നായിരുന്നു യുവതിയുടെ പരാതി. യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് പണം നല്‍കിയതെന്നും യുവതി ബോധിപ്പിച്ചു. വായ്പയായി വാങ്ങുന്ന 2,15,000 ദിര്‍ഹം വേഗം തന്നെ തിരിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ പണം കൈപ്പറ്റിയ ശേഷം യുവാവ് കബളിപ്പിച്ചു തുടങ്ങിയെന്നും മൊബൈല്‍ ഫോണ്‍ എടുക്കാതായെന്നും യുവതി പറഞ്ഞു. ഇതിനിടയില്‍ യുവാവ് മരിച്ചുവെന്ന് യുവാവിന്റെ സഹോദരനാണ് യുവതിയെ അറിയിച്ചത്. എന്നാല്‍ അതിനുശേഷം യുവാവിനെ കണ്ടുവെന്നും തട്ടിപ്പ് ബോധ്യപ്പെട്ടതിനാലാണ് കോടതിയെ സമീപിച്ചതെന്നും യുവതി വ്യക്തമാക്കി. വായ്പ വാങ്ങിയ പണം തിരികെ നല്‍കാനോ വിവാഹം ചെയ്യാമെന്ന വാക്ക് പാലിക്കാനോ യുവാവ് തയാറായില്ലെന്ന്
അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേസ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
കോടതിയില്‍ നടന്ന വിചാരണയിലുടനീളം യുവതിയില്‍നിന്ന് താന്‍ പണം കടം വാങ്ങിയിട്ടില്ലെന്നാണ് യുവാവ് വാദിച്ചത്. ഇരു കക്ഷികളില്‍നിന്നും വാദം കേട്ട ജഡ്ജി ഒടുവില്‍ കേസ് തള്ളുകയായിരുന്നു. പ്രതിക്ക് യഥാര്‍ത്ഥത്തില്‍ പണം നല്‍കിയിരുന്നുവെന്ന് തെളിയിക്കാന്‍ യുവതിക്ക് സാധിച്ചില്ലെന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്. പ്രതിയുടെ കോടതി ചെലവ് യുവതി വഹിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)