പേപ്പർ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ വിളിക്കുന്ന രീതി സഭാ നടപടികൾ ശ്രദ്ധിക്കുന്നവർക്കറിയാമായിരിക്കും. സഭ വാക്കിന്റെ ചെറുതീപ്പൊരി വീണാൽ കത്തും എന്ന അവസ്ഥയിൽ നിൽക്കുന്ന ഘട്ടത്തിൽ സ്പീക്കർ ആവശ്യപ്പെട്ട കാര്യം നിർവഹിച്ച് സീറ്റിലിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിൽ നിന്ന് വിവാദമാകാവുന്ന പ്രയോഗങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് കേട്ട് നിൽക്കുന്നവർക്ക് തോന്നിയത് സ്വാഭാവികം. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്നാണ് മന്ത്രി റയാസ് പ്രതിപക്ഷത്തെ ക്ഷുഭിതനായി പ്രകോപിച്ചത്. അതിന് റിയാസിന് മതിയായ കാരണവുമുണ്ട്. സ് പീക്കർക്ക് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപിണ്ടിയാണോ എന്ന് പ്രതിപക്ഷത്ത് നിന്നുള്ള വാക്കുകൾ കേട്ടു കൊണ്ടിരിക്കെയായിരുന്നു റിയാസിന്റെ വാഴപിണ്ടി പ്രയോഗം. ഈ പറഞ്ഞ അധിക്ഷേപവാക്കിന് അത്രയൊന്നും പുതുമയോ ശക്തിയോ ഇല്ലെന്ന് മലയാളം അറിയുന്നവർക്കെല്ലാം മനസ്സിലാകും. പക്ഷെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്ന് തിരിച്ചു കിട്ടിയതാകട്ടെ റിയാസിനും പാർട്ടിക്കും അത്ര ഗുണം ചെയ്യാത്ത നാല് ഭാഗത്തും മൂർച്ചയുള്ള വാക്കുകളും വാചങ്ങളും. '....ഇതിനൊക്കെ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി റിയാസിനുള്ളത്. മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്താണധികാരം ?
സഭയിലെ മുതിർന്ന എം.എൽ.എ മാരിലൊരാളായയ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ഡെപ്യൂട്ടി ചീഫ് മാർഷൽ ആദ്യം ആക്രമിച്ചത്. അതിന്റെ കൂടെ ഭരണകക്ഷിയിലെ എം.എൽ.എമാർ (സച്ചിൻ ദേവിന്റെ പേര് പിന്നീട് പ്രതിപക്ഷ നേതാവ് പറഞ്ഞു) മന്ത്രിമാരുടെ സ്റ്റാഫ് ഇവരെല്ലാവരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. നാലു പേർക്കാണ് പരിക്കേറ്റത്- സനീഷ് കുമാർ ജോസഫ്, എ.എ.കെ.എം അഷ്‌റഫ്, ടി.വി. ഇബ്രാഹിം, കെ.കെ. രമ എന്നിവർ.
സനീഷ് കുമാർ ബോധരഹിതനായി വീണതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. ബാക്കിയുള്ള 3 എം.എൽ.എമാർക്കും പരിക്കേറ്റു. എന്തിന് വേണ്ടിയാണ്, ഇവർ ആരോടാണ് അസംബ്ലിക്ക് അകത്തും പുറത്തും ധിക്കാരം കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. നിയമസഭ കൂടുമ്പോൾ ഭരിക്കുന്നവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറയാൻ വേണ്ടി മാത്രമാണോ പ്രതിപക്ഷം വരുന്നതെന്ന് വി.ഡി. സതീശന്റെ ചോദ്യം.
നിയമസഭാ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് വി .ഡി. സതീശൻ റിയാസിനെതിരെ രംഗത്തെത്തിയത്. സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയിൽ കാര്യങ്ങൾ നടക്കുന്നത്. മരുമകൻ എത്രത്തോളം പി. ആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് പിന്നിൽ. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമം. നിയമസഭാ നടപടികളെ അട്ടിമറിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജണ്ടയാണ് സഭയിൽ നടക്കുന്നത്-വി.ഡി. സതീശന്റെ കാന്താരി വാക്കുകൾ ഏതൊക്കെയോ മുറിവുകളിലേക്ക് പതിച്ചു.
പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധത്തിടക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേമ്പറിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ പ്രതിപക്ഷം പങ്കെടുത്തില്ല.
തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതിനെഎതിരെയാണ് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഓഫീസിന് മുന്നിൽ ഉപരോധം നടത്തിയത്. നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുമ്പിൽ പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെയാണ് വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി കെ.കെ. രമ പോരാട്ട വീര്യത്തോടെ രംഗത്തെത്തിയത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കെതിരെയാണ് വാച്ച് ആന്റ് വാർഡ് ആദ്യം അക്രമം നടത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും. ഇതിനുപിന്നാലെയാണ് നാലഞ്ച് വനിതാ വാച്ച് ആന്റ് വാർഡന്മാർ ചേർന്ന് കാലും കയ്യുമൊക്കെ പിടിച്ച് വലിച്ചതെന്നാണ് രമയുടെ ആരോപണം. ''അതിനു മാത്രം എന്ത് അക്രമമാണ് ഇവിടെയുണ്ടായത്. ഞങ്ങൾ എന്ത് അക്രമം നടത്താനാണ് ഇവിടെ വന്നത്? നിയമസഭാ ഹാളിലാണല്ലോ സമരം നടത്തുന്നത്. പുറത്തല്ലല്ലോ...'' -രമ പൊട്ടിത്തെറിച്ചു.
പോത്തൻകോടിന് സമീപം ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചപ്പോഴായിരുന്നു സംഭവ പരമ്പരകളെല്ലം.
ഇതുവരെ കാണാത്ത പ്രതിഷേധം എന്നൊന്നും പറയാനാകില്ല. 2015 ൽ കെ.എം. മാണി യുടെ ബജറ്റവതരണത്തിനെതിരെ നടന്ന സംഭവങ്ങൾ ചാനൽ കാലത്തായതിനാൽ എല്ലാ കാലത്തും എയറിലുണ്ടാകും. നായനാർ ഭരണ കാലത്തെ ഭാഷാസമരവുമായി ബന്ധപ്പെട്ട് പഴയ നിയമ സഭാഹാളിൽ നടന്ന പ്രതിഷേധത്തിന്റെ നേർ സാക്ഷികളായ അംഗങ്ങൾ ഇപ്പോഴും സഭയിലുണ്ട്. അന്ന് സഭയിൽ വീണു കിടന്നയാളായിരുന്ന ലീഗിലെ കെ.പി.എ. മജീദ്.
അന്നത്തെ കോൺഗ്രസ് എം. എൽ.എ ഡോ. എം.എ. കുട്ടപ്പൻ വീണുകിടന്ന മജീദിന്റെ പൾസ് നോക്കിയ ശേഷമാണ് ക്ലിനിക്കിലേക്ക് കൊണ്ടു പോയത്. സി.പി.എമ്മിലെ എക്കാലത്തെയും സമാദരണീയനായ ടി.കെ. രാമകൃഷ്ണന്റെ ഷർട്ട് എതിരാളിയായി മാറിയ എം.വി. രാഘവൻ വലിച്ചു കീറിയ രംഗമൊന്നും ആർക്കും ഇനിയും ലൈവായി കാണിക്കാനാവില്ല -കാരണം അന്ന് ചാനലുണ്ടായിരുന്നില്ല.
പ്രതിഷേധം കയ്യാങ്കളിയിലേക്ക് എത്തിയതോടെ പ്രതിപക്ഷനേതാവെത്തി സ്പീക്കറോട് വാച്ച് ആന്റ് വാർഡിനെ ഉടൻ പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാച്ച് ആന്റ് വാർഡ് പിന്മാറിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. അഡീഷനൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും 5 വനിതാ വാച്ച് ആന്റ് വാർഡ് അടക്കം 8 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
മുഖ്യമന്ത്രി ബ്രഹ്മപുരം വിഷയത്തിൽ ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തി. ചട്ടം 300 എന്നത് ആകാശവാണിയാണെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. അങ്ങോട്ട് ഒന്നും ചോദിക്കാൻ പ്രതിപക്ഷത്തിനു കഴിയില്ല. ആകാശവാണിയുടെ റോളിലാണ് മുഖ്യമന്ത്രി ഇപ്പോൾ. ചോദ്യങ്ങളെയും വിമർശനങ്ങളെയും പേടി. മുമ്പ് അവസരം കിട്ടിയിട്ടും മുഖ്യമന്ത്രി ബ്രഹ്മപുരം വിഷയത്തിൽ മറുപടി പറഞ്ഞില്ല. ബ്രഹ്മപുരത്തെ കമ്പനിക്ക് എല്ലാ ഒത്താശയും ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മക്കളും മരുമക്കളുമെല്ലാം നാട് കൊള്ളയടിക്കാൻ ഇറങ്ങിയിരിക്കുകയാണ്.
പ്രതിഷേധത്തിൽ സ്പീക്കർ ഷംസീർ ഇനി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് അടുത്ത ചോദ്യം. ഇന്നലെ ധനാഭ്യർഥന നടപടികൾ ഗില്ലറ്റിൻ ചെയ്ത് പൂർത്തീ കരിക്കുകയായിരുന്നു. ഇന്ന് മുതൽ എന്തായിരിക്കും അവസ്ഥയെന്നറിയില്ല.