Sorry, you need to enable JavaScript to visit this website.

സൗദി ഓൺലൈൻ വ്യാപാര മേഖലയിൽ ഒരു ലക്ഷം കൊമേഴ്സ്യൽ രജിസ്ട്രേഷൻ

റിയാദ് - സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ 1,05,300 ഓളം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളോ ഫ്രീലാൻസ് ഡോക്യുമെന്റുകളോ നേടിയതായി കണക്ക്. ലോകത്ത് ഓൺലൈൻ വ്യാപാര മേഖലയിൽ ഏറ്റവും വലിയ വളർച്ചയുള്ള പത്തു രാജ്യങ്ങളിൽ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട്. സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ 32 ശതമാനത്തിലേറെ വളർച്ചയുണ്ട്. ഇ-കൊമേഴ്‌സ് കൗൺസിലിന്റെ കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ 30,151 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ നേടിയിട്ടുണ്ട്. ഓൺലൈൻ വ്യാപാര മേഖലയിൽ 75,211 പേർക്ക് ഫ്രീലാൻസ് ഡോക്യുമെന്റുമുണ്ട്. 
കഴിഞ്ഞ വർഷം ഡെലിവറി ആപ്പുകൾ വഴി 19 കോടിയിലേറെ ഓർഡറുകൾ ഡെലിവറി ചെയ്തു. ഓൺലൈൻ വ്യാപാര ഇടപാടുകൾക്ക് കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ അവസാനം വരെയുള്ള പതിനൊന്നു മാസക്കാലത്ത് മദ പെയ്‌മെന്റ് കാർഡുകൾ വഴി 11,100 കോടി റിയാലിന്റെ പെയ്‌മെന്റുകൾ നടത്തി. കഴിഞ്ഞ വർഷാവസാനത്തോടെ സൗദിയിൽ ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനികളുടെ എണ്ണം 147 ആയി ഉയർന്നു. ഡെലിവറി മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള ലോജിസ്റ്റിക് കമ്പനികളുടെയും ആപ്പുകളുടെയും എണ്ണം 191 ആയും ഉയർന്നു. ഇക്കൂട്ടത്തിൽ 152 എണ്ണം കമ്പനികളും 39 എണ്ണം ആപ്പുകളുമാണ്. 
സൗദിയിലെ ഉപയോക്താക്കൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദേശങ്ങളിൽ നിന്ന് ഓൺലൈൻ ആയി വാങ്ങുന്ന ഉൽപന്നങ്ങളിൽ പ്രധാനം വാനിറ്റി ബാഗുകളും വസ്ത്രങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പാദരക്ഷകളും വൈദ്യുതി ഉപകരണങ്ങളുമാണ്. വാണിജ്യ ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്നതിൽ ഏറ്റവും പ്രധാനം ഇലക്‌ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങളും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും വസ്ത്രങ്ങളും പാദരക്ഷകളുമാണ്. കഴിഞ്ഞ വർഷം സൗദിയിലെ ഉപയോക്താക്കൾ നൽകിയ ഓർഡറുകൾ പ്രകാരം വിദേശ ഓൺലൈൻ സ്റ്റോറുകൾ സൗദിയിലേക്ക് 3.5 കോടിയിലേറെ ഷിപ്പ്‌മെന്റുകൾ അയച്ചു. 
ഓൺലൈൻ വ്യാപാരവുമായി ബന്ധപ്പെട്ട നയങ്ങളും നിയമങ്ങളും നിർദേശിക്കൽ, ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കൽ എന്നിവ പ്രധാന ദൗത്യങ്ങളായ ഇ-കൊമേഴ്‌സ് കൗൺസിൽ ഡയറക്ടർ ബോർഡ് ചെയർമാൻ പദവി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി വഹിക്കുന്നു. പതിനാറു സർക്കാർ വകുപ്പുകളും മൂന്നു സ്വകാര്യ വകുപ്പുകളും സമിതിയിൽ അംഗങ്ങളാണ്. 

Latest News