സന്‍ആ- ആടുകളെ പോലെ തലയുടെ മുന്‍ ഭാഗത്ത് രണ്ടു കൊമ്പുകള്‍ മുളച്ച യെമനി മുതുമുത്തച്ഛന്‍ അലി അന്ദര്‍ നിര്യാതനായി. യെമന്‍ തലസ്ഥാന നഗരിയായ സന്‍ആക്ക് കിഴക്ക് അല്‍ജൗഫ് ഗവര്‍ണറേറ്റ് നിവാസിയായ അലി അന്ദറിന് 140 വയസായിരുന്നു പ്രായം. വൃദ്ധന്റെ ആരോഗ്യനില പരിഗണിക്കാതെ മെഡിക്കല്‍ ശസ്ത്രക്രിയ കൂടാതെ കൊമ്പുകള്‍ ബന്ധുക്കള്‍ തീ കൊണ്ട് പൊള്ളലേല്‍പിച്ച് മുറിച്ചുകളഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായാണ് മരിച്ചത്. ആരോഗ്യ പ്രത്യാഘാതങ്ങളും ഭീഷണികളും മനസ്സിലാക്കാതെ കൊമ്പുകള്‍ പ്രാകൃത രീതിയില്‍ നീക്കം ചെയ്ത് മൂന്നു ദിവസത്തിനു ശേഷം വൃദ്ധന്‍ മരണപ്പെടുകയായിരുന്നു.
പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന അലി അന്ദറിന്റെ കൊമ്പുകള്‍ മുറിച്ചുനീക്കിയത് ആരോഗ്യനില വഷളാകാനും മരണത്തിലേക്കും നയിക്കുകയായിരുന്നെന്ന് അല്‍ജൗഫിലെ ബര്‍തുല്‍മറാശി ഏരിയ നിവാസിയായ ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു.
പ്രായം 100 പിന്നിട്ട ശേഷമാണ് അലി അന്ദറിന്റെ ശിരസ്സില്‍ കൊമ്പുകള്‍ മുളക്കാനും വലുതാകാനും തുടങ്ങിയത്. കൊമ്പുകള്‍ കവിളുകളിലൂടെ വായക്ക് സമാന്തരമായി തൂങ്ങിവലുതാവുകയും പിന്നീട് കൊമ്പുകള്‍ വൃത്താകൃതിയില്‍ വളയാന്‍ തുടങ്ങുകയുമായിരുന്നു. മൂന്നു നൂറ്റാണ്ടുകള്‍ക്ക് അലി അന്ദര്‍ സാക്ഷിയായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദവും ഇരുപതാം നൂറ്റാണ്ട് മുഴുവനായും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദവും യെമനിലെ സംഭവവികാസങ്ങള്‍ക്ക് അലി അന്ദര്‍ സാക്ഷിയായി. അടുത്ത കാലം വരെ നല്ല ആരോഗ്യവും ശക്തമായ ഓര്‍മശക്തിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2017 മുതലാണ് ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങിയത്.