തിരുവനന്തപുരം - മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ അവകാശമില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമർശത്തിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. പിൻവാതിൽ വഴി പ്രതിപക്ഷ നേതാവായതിന്റെ ഈഗോ ആണ് വിഡി സതീശനെന്നും അദ്ദേഹത്തിന് ബി.ജെ.പിയുമായും കേന്ദ്ര സർക്കാറുമായും അന്തർധാരയുണ്ടെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
കോൺഗ്രസ് നേതാവായി നിന്നുകൊണ്ട് എം എൽ എമാരെ വഞ്ചിക്കുന്ന രാഷ്ട്രീയ വഞ്ചനാ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായും കേന്ദ്ര സർക്കാരുമായും പ്രതിപക്ഷ നേതാവിന് അന്തർധാരയുണ്ട്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിപക്ഷ നേതാവ് മിണ്ടിയില്ല. പ്രതിപക്ഷ അംഗങ്ങളെ മിണ്ടാൻ അനുവദിച്ചുമില്ല. പാചകവാതക വില വർധനയിലും മിണ്ടിയില്ല. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസുകാരെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന നിലപാടാണ് സതീശന്റേതെന്നും മന്ത്രി ആരോപിച്ചു.
ജീവിതത്തിൽ ഇന്നുവരെ അരമണിക്കൂർ പോലും ജയിൽവാസം അനുഭവിക്കാത്ത വ്യക്തിയ്ക്ക് രാഷട്രീയ ത്യാഗം എന്താണെന്ന് അറിയില്ല. രാവിലെ ഗുഡ് മോണിംഗും വൈകിട്ട് ഗുഡ് ഈവനിംഗും പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ മന്ത്രിമാരെ കിട്ടില്ല. അങ്ങനെയൊരു തോന്നൽ അദ്ദേഹത്തിനുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ അലമാരയിൽ പൂട്ടിവയ്ക്കുന്നതാണ് നല്ലത്. മന്ത്രിമാരായ വീണ ജോർജ്, ശിവൻകുട്ടി, അബ്ദുറഹ്മാൻ എന്നിവരെ തുടർച്ചയായി സതീശൻ അധിക്ഷേപിക്കുകയാണ്.
ഞങ്ങൾ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനം ചുമതലയേൽപ്പിച്ചിട്ടാണ്. സി.പി.എമ്മിനെതിരെ ആക്ഷേപം ഉയർന്നാൽ മിണ്ടാതിരിക്കേണ്ട സ്വതന്ത്ര പദവിയല്ല മന്ത്രി പദവി. അങ്ങനെ സ്വതന്ത്രരായല്ല മന്ത്രിയായത്. ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചാണ് ഞങ്ങൾ അധികാരത്തിലെത്തിയത്. നിരവധിപ്പേരുടെ ത്യാഗം അതിലുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.