തിരുവനന്തപുരം-സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിരുന്നിനു വിളിച്ച് ഗവര്‍ണറുടെ നയതന്ത്രം. രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ദ്രൗപതി മുര്‍മുവിന്റെ ബഹുമാനാര്‍ഥമാണ് ഗവര്‍ണറുടെ വിരുന്ന്. വിരുന്നുനയതന്ത്രത്തിന്റെ ഫലമായി പോരിന് എരിവുകുറയുമോയെന്ന ചോദ്യത്തില്‍ കൗതുകമുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ഹോട്ടല്‍ ഹയാത്തിലാണ് സത്കാരം. കേരളീയസദ്യയാണ് സസ്യഭുക്കായ രാഷ്ട്രപതിക്ക് ഒരുക്കുന്നത്. എന്നാല്‍, വിരുന്നിന്റെ ഭാഗമായി മത്സ്യ, മാംസ വിഭവങ്ങളും ഉണ്ടാകും. സാധാരണ രാഷ്ട്രപതി രാജ്ഭവനിലെ വി.ഐ.പി. സ്യൂട്ടിലാണ് താമസിക്കാറെങ്കിലും ഇപ്രാവശ്യം സ്വകാര്യഹോട്ടലിലാണ് താമസം. ഗവര്‍ണര്‍ താമസിക്കുന്ന പഴയ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അദ്ദേഹം വി.ഐ.പി. സ്യൂട്ടിലാണ് താമസം. 17-ന് രാത്രി തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പിറ്റേന്ന് വൈകീട്ട് ലക്ഷദ്വീപിലേക്ക് പോകും.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെച്ചിരിക്കയാണെന്നുകാണിച്ച് സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് സര്‍ക്കാര്‍. സര്‍വകലാശാലാ വി.സി. നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറുമായി തുടങ്ങിയ ഏറ്റുമുട്ടലിന് പിന്നീട് ഒരുഘട്ടത്തിലും ഇളവുവന്നില്ലെന്ന് മാത്രമല്ല രൂക്ഷമാകുകയും ചെയ്തു.
ഗവര്‍ണര്‍ ആതിഥ്യം നല്കിയ ക്രിസ്മസ് വിരുന്ന് മുഖ്യമന്ത്രി ബഹിഷ്കരിച്ചിരുന്നു.