ഇന്ത്യയിൽ വൻ വിപണി സാധ്യത കാണുന്ന ഗൂഗിൾ അയൽക്കൂട്ട നിർമിതിക്കും ആശയ വിനിമയത്തിനും സംശയ നിവാരണത്തിനും പുതിയ ആപ്പ് പുറത്തിറക്കി. രാജ്യത്തെ നഗരങ്ങളിൽ പരിസരവാസികൾ ഒത്തുചേരുന്ന അയൽക്കൂട്ടമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ഇന്ത്യക്കാരെ പിടിക്കാൻ പല സംവിധാനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയതിനു പിന്നാലെയാണ് നൈബർലി (ചലശഴവയീൗൃഹ്യ) എന്ന പുതിയ ആപ്പിന്റെ പരീക്ഷണം. കൂടുതൽ എം.ബി നഷ്ടമാകാത്ത യുട്യൂബ്, മൊബൈൽ പേമെന്റ് ആപ്പായ തേസ്, ഫുഡ് ഡെലിവറി സർവീസ്, നാഷണൽ വൈഫൈ നെറ്റ്‌വർക്ക് തുടങ്ങിയവ ഇന്ത്യൻ വിപണിയിലെ നൂറു കോടിയിലേറെ ഉപയോക്താക്കളെ ലക്ഷ്യമിടുന്നതാണ്.
പ്രാദേശിക വിജ്ഞാനങ്ങൾ പരിസര വാസികൾ തമ്മിൽ പങ്കുവെക്കുന്ന ചോദ്യോത്തര ആപ്പ് കൂടിയാണ് നൈബർലി. നഗരത്തിലേയും ഗ്രാമത്തിലേയും പ്രാദേശിക ജീവിതവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും ഈ ആപ്പ് സഹായിക്കും.
പരിസരവാസികൾ തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം കെട്ടിപ്പടുക്കാനും ഇതുവഴി സാധിക്കും. ഒരേ ചുറ്റുപാടിലും ഒരേ നഗരത്തിലും ഒരേ ഗ്രാമത്തിലും കഴിയുന്ന ആളുകൾ തമ്മിൽ ചോദ്യങ്ങൾ ചോദിക്കാനും അതിന് ഉത്തരം നൽകാനും പ്രാദേശിക വിവരങ്ങൾ തമ്മിൽ കൈമാറാനുമെല്ലാം ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം.
ഗൂഗിൾ പ്ലേസ്‌റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ആപ്ലിക്കേഷൻ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. മുംബൈ നഗരത്തിൽ മാത്രമാണ് ഈ ആപ്ലിക്കേഷൻ നിലവിൽ ഉപയോഗിക്കാൻ സാധിക്കുക. ആൻഡ്രോയിഡ് 4.3 ജെല്ലിബീൻ പതിപ്പിന് മുകളിലുള്ള എല്ലാ സ്മാർട് ഫോണുകളിലും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാവും.
നിരവധി ആവശ്യങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടും. ഉദാഹരണത്തിന് ഒരു സ്ഥലത്തേക്ക് പോകാൻ എവിടെ നിന്ന് ബസ് കയറണം, ഒരു പ്രത്യേക ഉൽപന്നം എവിടെ ചെന്നാൽ വാങ്ങാൻ കഴിയും, അടുത്തുള്ള നല്ല ഹോട്ടൽ ഏതാണ് തുടങ്ങിയ അത്യാവശ്യ ചോദ്യങ്ങളെല്ലാം ചോദിക്കാം.
ആപ്പ് ഉപയോഗിക്കുന്ന പ്രദേശവാസികളിൽ ആരെങ്കിലും അതിന് മറുപടി തരും. അതാണ് ഈ ആപ്ലിക്കേഷന്റെ പ്രവർത്തന രീതി. സ്മാർട്ട് ഫോണും സമൂഹ മാധ്യമങ്ങളും സാർവത്രികമായതോടെ അയൽക്കാർ പോലും പരസ്പരം മിണ്ടാതായിട്ടുണ്ട്. അങ്ങനെയുള്ളവർ തമ്മിലുള്ള ബന്ധം തിരിച്ചുപിടിക്കാൻ ഒരു പക്ഷേ ഈ ആപ്പ് സഹായകമായേക്കാം. ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാനും ഉത്തരം നൽകാനുമെങ്കിലും ആളുകൾ പരസ്പരം മിണ്ടിയെങ്കിലോ?
ആളുകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ആപ്പ് വിൻഡോയിൽ കാണാൻ സാധിക്കും മുകളിലേക്ക് സൈ്വപ്പ് ചെയ്ത് അവയെല്ലാം കാണുകയും വേണമെങ്കിൽ മറുപടി നൽകുകയും ചെയ്യാം.
ഗൂഗിളിന്റെ വോയ്‌സ് റെക്കഗ്‌നിഷൻ സംവിധാനവും ഈ ആപ്ലിക്കേഷനിലുണ്ടാവും. അതായത് ശബ്ദ മറുപടികളും ഇതിലുടെ ലഭിക്കുമെന്നർഥം. ഇംഗ്ലീഷിന് പുറമെ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ആപ്പിലെ ടെക്സ്റ്റ്, ഓഡിയോ സേവനങ്ങൾ ലഭ്യമാവും. ഗൂഗിൾ മാപ്പ് സേവനത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി രാജ്യത്ത് ഗൂഗിൾ സേവനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നൈബർലി ആപ്പിലൂടെ ഗൂഗിൾ നടത്തുന്നത്.
വീടുകളോട് ചേർന്നാണ് ജീവിതം. ഒന്നോ രണ്ടോ കി.മീ ചുറ്റളവിലുള്ള പ്രാദേശിക ജീവിതത്തിൽനിന്നാണ് എല്ലായ്‌പോഴും ചോദ്യങ്ങൾ ഉണ്ടാകുന്നത്. നഗരങ്ങൾ വലുതാകുമ്പോൾ ഈ ചോദ്യങ്ങൾ അവഗണിക്കപ്പെടുന്നു. നിങ്ങളുടെ അയൽപക്കങ്ങളുമായി ബന്ധിപ്പിക്കാനും ചോദ്യങ്ങൾ ചോദിക്കാനുമാണ് നൈബർലി വികസിപ്പിച്ചതെന്ന് ഗൂഗിളിന്റെ നക്സ്റ്റ് ബില്യൺ ഇനീഷ്യേറ്റീവ് പ്രൊഡക്ട് മാനേജർ ജോഷ് വുഡ്‌വാർഡ് പറഞ്ഞു.
രാജ്യത്ത് 200 ദശലക്ഷം പേർ ഉപയോഗിക്കുന്ന വാട്‌സാപ്പ് ഉണ്ടായിരിക്കേ, ഇത് പുതിയ ആശയമൊന്നുമല്ല. ഓരോ പ്രദേശത്തേയും ആളുകൾ ആശയവിനിമയം നടത്തുന്ന നൂറുകണക്കിനു ഗ്രൂപ്പുകളാണ് വാട്‌സാപ്പിലുള്ളത്.
അയൽപക്കങ്ങളുടെ ആശയവിനിമയവും അയൽക്കൂട്ടങ്ങളും ലക്ഷ്യമിട്ട് ഗൂഗിൾ നടത്തുന്ന പരീക്ഷണത്തിന്റെ വിജയം കണ്ടറിയണം.