ദുബായ്- മകളുടെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറക്കിവിട്ട ജമീല താത്തയുടെ കഥ പ്രവാസികള്‍ക്ക് നൊമ്പരമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കറവ വറ്റിയ ഒരു പ്രവാസിയുടെ കഥപറയാമെന്ന പേരില്‍ യു.എ.ഇ ആസ്ഥാനമായുള്ള എഡിറ്റോറിയല്‍ എന്ന വെബ് പോര്‍ട്ടലിലെ അരുണ്‍ രാഘവന്‍ ഫേസ് ബുക്കില്‍ നല്‍കിയ പോസ്റ്റാണ് വിവിധ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ വേദനയായത്.
തൃശൂര്‍ ചേലക്കര സ്വദേശിയാണ് ജമീല. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അവര്‍ വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടതോടെ 66 ാം വയസ്സില്‍ വീണ്ടും ഗള്‍ഫുകാരി ആയിരിക്കയാണ്.
ഉമ്മയെ ഏറ്റെടുത്തോളാമെന്നതു മുതല്‍ സഹായം നല്‍കാമെന്നു വരെ പലരും പ്രതികരിക്കുന്നു.
അരുണ്‍ രാഘവന്റെ ഫേസ് ബുക്ക് പോസ്റ്റ്
കറവ വറ്റിയ ഒരു പ്രവാസിയുടെ കഥപറയാം...
ഇരുപത്തിരണ്ടാംവയസ്സില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ജമീല ഏക മകളെ പഠിപ്പിച്ചു മിടുക്കിയാക്കാന്‍ കടല്‍ കടന്നതാണ്. അറബി വീട്ടില്‍ പണിയെടുത്തകാശുകൊണ്ട് മകളെയും ആ മകളുടെ നാലു പെണ്‍മക്കളെയും കെട്ടിച്ചയച്ചപ്പോഴേക്ക് ജമീലയ്ക്ക് വയസ്സ് അറുപതായി. ആരോഗ്യം മോശമായപ്പോള്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഗള്‍ഫുകാരിക്കു കിട്ടിയ പതിവു സ്വീകരണവും സ്‌നേഹമൊന്നും ഇത്തവണ ഉണ്ടായില്ല. വാര്‍ദ്ധക്യത്തിന്റെ അന്ത്യത്തിലേക്ക് കാലും നീട്ടി ഇരിക്കുന്ന വരുമാനം നിലച്ചൊരു പ്രവാസിമാത്രമായി അവര്‍.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രായമായ ഉമ്മ അവരുടെ സ്റ്റാറ്റസിനു ചേരാതെയായി.. ഒരു രാത്രിയില്‍ ഏക മകളുടെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കിവിട്ടു.
ഒരു നിവൃത്തിയുമില്ലാതായപ്പോള്‍ അറുപത്തിയാറാം വയസ്സില്‍ അവര്‍ വീണ്ടും ജോലിതേടി ഗള്‍ഫിലെത്തി. കെട്ടുറപ്പുള്ള ഒരു ഒറ്റമുറി വീട്, ആ ലക്ഷ്യവുമായാണ് അവരെത്തിയത്. രണ്ടു വര്‍ഷത്തിനിടെ ദിവസേന നാലും അഞ്ചും വീടുകള്‍ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത് എങ്ങനെയൊക്കെയോ നാട്ടില്‍ മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കി. പക്ഷെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസി മലയാളികളുടെ സഹായം തേടുകയാണവര്‍.
പ്രവാസികള്‍ പലരും സ്വയം ജീവിക്കാന്‍ മറന്ന് പോയവരാണ്. സ്വന്തം കുടുംബം വളര്‍ത്താന്‍ ബന്ധങ്ങളെ പിണക്കാതിരിക്കാന്‍ മുണ്ടു മുറുക്കി ഉടുത്തവര്‍. അവരില്‍ ഒരാള്‍ മാത്രമാണ് ജമീല. പ്രവാസം നിര്‍ത്തിവന്ന പ്രവാസി കറവ വറ്റിയ പശുവിനെ പോലെയെന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിരിവന്നേക്കാം. അഞ്ചുമിനുട്ട് ആ ഉമ്മയോട് സംസാരിച്ചിക്കുമ്പോള്‍ ചിരി വേദനയായി മാറും
ജമീലതാത്തയുടെ നമ്പര്‍ കൂടി ഇതോടൊപ്പം വെക്കുന്നു (0566728300)