Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരം തീപിടുത്തത്തിൽ മുഖ്യമന്ത്രി വാ തുറന്നു; 'പ്രത്യേക സംഘം അന്വേഷിക്കും, ഗുരുതര ആരോഗ്യ പ്രശ്‌നമില്ല'

തിരുവനന്തപുരം - കൊച്ചിയെ വിഷമയമാക്കിയ ബ്രഹ്മപുരം തീ പിടുത്തത്തിൽ 13-ാം ദിനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരത്തെ തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 
 എല്ലാ ഇടപാടുകളും വിജിലൻസ് അന്വേഷിക്കും. പ്രത്യേകസമിതി തീപിടുത്തത്തിന്റെ സാഹചര്യവും മുൻകരുതലും പരിശോധിക്കും. കൊച്ചിയിലെ മാലിന്യസംസ്‌കരണം ദിവസവും വിലയിരുത്തും. എല്ലാ ആഴ്ചയും മന്ത്രിതലയോഗം ചേരും. ബ്രഹ്മപുരത്തെ തീ ഈ മാസം 12ന് അണച്ചു. ചിട്ടയോടെ കൂട്ടായപ്രവർത്തനം നടത്തി. പങ്കെടുത്തവരെ അഭിന്ദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
  ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്ന് ആർക്കും ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഷങ്ങളായി അട്ടിക്കിട്ട മാലിന്യം ബ്രഹ്മപുരത്തുണ്ട്. മാലിന്യം ഇളക്കി മറിച്ച് നനയ്‌ക്കേണ്ടി വന്നു. അജൈവമാലിന്യം വൻ തോതിലുണ്ടായി. 30% ബയോ മൈനിങ് നടത്തി.  
മാലിന്യ സംസ്‌കരണത്തിന് ജില്ലകളിൽ വാർ റൂം തുറക്കും. ഉറവിട മാലിന്യസംസ്‌കരണം പ്രോത്‌സാഹിപ്പിക്കും. ഇതിനായി പ്രത്യേക കർമപദ്ധതി വരും. സ്‌ക്വാഡുകൾ രൂപീകരിക്കും. ഇനിയൊരു ബ്രഹ്മപുരം താങ്ങാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചുള്ള പ്രതിഷേധത്തിലിരിക്കെയായിരുന്നു കടുത്ത ആരോഗ്യപ്രശ്‌നങ്ങളുയർത്തിയ ബ്രഹ്മപുരം പ്രശ്‌നത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന.

Latest News