കൊച്ചി : ബ്രഹ്‌മപുരത്ത് കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ അത് വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് സംസ്ഥാന തല മോണിറ്ററിംഗ് കമ്മറ്റി. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തത്തില്‍ വലിയ തോതില്‍ വിഷവാതകം വമിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ ഇത് പരിശോധിക്കനായി ദേശീയ ഹരിത ട്രിബ്യൂണലാണ് സംസ്ഥാന തല മോണിറ്ററിംഗ് കമ്മറ്റിയെ നിയോഗിച്ചത്. കൊച്ചി കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ കൊണ്ടാണ് ഇപ്പോഴത്തെ ദുരന്തമുണ്ടായതെന്നും കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന് മുന്‍പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ബ്രഹ്‌മപുരത്ത് ഇതിന് മുന്‍പ് തീപ്പിടുത്തങ്ങള്‍ ഉണ്ടായ സമയത്ത് പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതൊന്നും നടപ്പാക്കാന്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.