ലാഹോര്‍ - തോഷഖാന കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇസ്‌ലാമാബാദ് പോലീസ് ഇമ്രാന്‍ ഖാന്റെ ലാഹോറിലെ വസതിക്കു സമീപമെത്തുകയും ഇമ്രാന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും പോലീസ് തടയുകയും കവചിത വാഹനങ്ങളാല്‍ വലയം തീര്‍ക്കുകയും ചെയ്തു. രാത്രി തന്നെ ഇമ്രാനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇമ്രാനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി റാണ സനഉല്ല പറഞ്ഞു.
അറസ്റ്റ് തടയാന്‍ പി.ടി.ഐ പ്രവര്‍ത്തകര്‍ വസതിക്കുമുന്നില്‍ സംഘടിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറിഞ്ഞു. പിന്നാലെ, പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തെരുവുയുദ്ധത്തില്‍ ഇസ്‌ലാമാബാദ് ഡി.ഐ.ജിക്ക് പരുക്കേറ്റു. പ്രവര്‍ത്തകരോട് സംഘടിക്കാന്‍ വീഡിയോ സന്ദേശത്തിലൂടെ ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെ ലാഹോറില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.
താന്‍ ജയിലില്‍ പോകേണ്ടി വന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി പോരാടാന്‍ ഇമ്രാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. എന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ ജയിലില്‍ പോയാല്‍ ജനങ്ങള്‍ ഉറങ്ങുമെന്ന് അവര്‍ കരുതുന്നു. അത് തെറ്റാണെന്ന് നിങ്ങള്‍ തെളിയിക്കണം. നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ പോരാടണം. നിങ്ങള്‍ തെരുവിലിറങ്ങണം- അദ്ദേഹം ആവശ്യപ്പെട്ടു.
ദൈവം ഇമ്രാന്‍ ഖാന് എല്ലാം തന്നു. ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ പോരാടി. അത് തുടരും. പക്ഷേ, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ജയിലില്‍ അടയ്ക്കുകയോ കൊല്ലുകയോ ചെയ്താല്‍, ഇമ്രാന്‍ ഖാനെ കൂടാതെപോലും നിങ്ങള്‍ക്ക് പോരാടാന്‍ കഴിയുമെന്ന് നിങ്ങള്‍ തെളിയിക്കണം. ഈ അടിമത്തവും ഭരണവും നിങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് തെളിയിക്കണം. പാക്കിസ്ഥാന്‍ സിന്ദാബാദ്- വീഡിയോ സന്ദേശത്തില്‍ ഇമ്രാന്‍ പറഞ്ഞു.
They’re shelling Imran Khan’s house too, a leader who requested everyone to stay peaceful and patient. Democracy seems to be suspended in the country, no? #زمان_پارک_پہنچو pic.twitter.com/nBuen0MYQc
— PTI (@PTIofficial) March 14, 2023