തെരഞ്ഞെടുപ്പിന് ഇനിയുമുണ്ട് നാളുകൾ. ഇനിയും അവശേഷിക്കുന്ന സുദീർഘ ഭരണ കാലഘട്ടവും കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയുമ്പോൾ ആരെന്നും എന്തെന്നുമൊന്നും ആർക്കും പ്രവചിക്കാനാവില്ല. പക്ഷെ കോൺഗ്രസിലെ ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റു പോകുമെന്ന് സ്പീക്കർ എ.എൻ. ഷംസീറിന് ഉറപ്പുണ്ട്. ബ്രഹ്മപുരം വിഷയത്തിൽ രണ്ട് ദിവസമായി നിയമ സഭയിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിലുള്ള പ്രതികരണമായിരുന്നു സ്പീക്കറുടെ പിടുത്തം വിട്ട ശാപ വാക്കുകൾ. 'അടുത്ത തവണ ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് എന്റെ പാർട്ടി തീരുമാനിക്കും. അങ്ങനെ മത്സരിപ്പിച്ചാൽ ഞാൻ ജയിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കുമെന്ന് ഷാഫി ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഷാഫിയെ തോൽപ്പിക്കുമെന്ന് പറയുമ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബി.ജെ.പിയെ ജയിപ്പിക്കുമെന്നല്ലേ സി.പി.എം പറയുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ളവർ സഭക്ക് പുറത്ത് വിഷയം ഏറ്റടുത്തു കഴിഞ്ഞു.
ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് കൗൺസിലർമാരെ പോലീസ് മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പാരമ്യത്തിലായിരുന്നു സ്പീക്കറുടെ പ്രതിഷേധം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കർ കേരള കോൺഗ്രസിലെ എൻ. ജയരാജിനെ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചതോടെയായിരുന്നു രണ്ടാം ദിനത്തിലെ ബ്രഹ്മപുരം പ്രതിഷേധത്തിന്റെ കൊടിയേറ്റം. പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു കൊണ്ടിരുന്നു. ഇന്നലെ സർക്കാരിനെതിരെ ഇത്തിരി മോശമായി പ്രതികരിച്ചതിന്റെ പേരു ദോശം മാറ്റാനായിരിക്കാം കെ.ബി. ഗണേഷ് കുമാർ പതിവിന് വിവരീതമായി അംഗത്തിന്റെ അടുത്ത് നിന്ന് നിർദേശം കൊടുക്കുന്നതും കാണാമായിരുന്നു. ഡയസിന് മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കർ പറഞ്ഞുനോക്കി.
'ടി. ജെവിനോദ് എറണാകുളത്തെ ആളുകൾ ഇതെല്ലാം കാണുന്നുണ്ട്. മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ പിടിക്കരുത്. ജനങ്ങൾ കാണുന്നുണ്ട്. ആ ബോധ്യമുണ്ടായാൽ മതി. മഹേഷ്, കരുനാഗപ്പള്ളിയിലെ ജനങ്ങൾ കാണുന്നുണ്ട്. റോജി ഇത് അങ്കമാലിയിലെ ജനങ്ങൾ കാണുന്നുണ്ട്. അതേ എനിക്ക് പറയാനുള്ളൂ. ചെറിയ മാർജിനിലാണ് പലരും ജയിച്ചത്. ചാലക്കുടിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്. 16-ാം സഭയിൽ വരേണ്ടതാണ്. വെറുതേ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണ്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോൽക്കും... അവിടെ തോൽക്കും' -സ്പീക്കർ ഷംസീർ പ്രതിഷേധിച്ച അംഗങ്ങളുടെയെല്ലാം പേര് ചൊല്ലിവിളിച്ചു തന്റെ പ്രതിഷേധം അറിയിച്ചത് സഭാ ചരിത്രത്തിലെ അപൂർവ അനുഭവം.
ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ വിഷമം ഉള്ളതുപോലെയാണ് പ്രതിപക്ഷത്തിന്റെ ഇടപെടലുകളെ മന്ത്രി പി. രാജീവ്കണ്ടത്. നാടാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും വിവിധ സേനകളുടെ സഹായത്തിൽ തീ അണക്കാൻ കഴിഞ്ഞത് അഭിമാനകരമെന്നും പി . രാജീവ് നിയമസഭയിൽ എല്ലാവരെയും ചേർത്തു നിർത്താൻ നോക്കിയിരുന്നു. അമേരിക്കയിൽ 13 ഏക്കറിലെ മാലിന്യമലക്ക് നവംബറിൽ തീപിടിച്ചിട്ട് ഇതുവരെ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ദൽഹിയിൽ 72 മീറ്റർ ഉയരത്തിൽ 65 ഏക്കർ പടർന്നുകിടക്കുന്ന മാലിന്യമലയുണ്ട്. ഇന്ത്യയിൽ ഇതുപോലുള്ള 3159 മാലിന്യമലകളുണ്ട്. കൊച്ചിയിലെ ദുരനുഭവത്തെ ചെറുതാക്കാൻ തദ്ദേശ മന്ത്രി രാജേഷ് നടത്തിയതിന് സമാനമായ നിലപാടിൽ മന്ത്രി രാജീവും ഉറച്ചു നിൽക്കുന്നു.
ബ്രഹ്മപുരം വിഷയത്തിൽ നിയമസഭ ഇന്നലെയും പ്രക്ഷുബ്ധമായപ്പോഴായിരുന്നു ഇതൊക്കെ. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനു പിന്നാലെ നടുത്തതളത്തിൽ ഇറങ്ങിയ പ്രതിപക്ഷം സമാന്തര സഭ ചേർന്നു. പി.സി. വിഷ്ണുനാഥന്റെ അധ്യക്ഷതയിൽ ചേർന്ന സമാന്തര സഭയിൽ റോജി എം. ജോൺ നോട്ടീസ് അവതരിപ്പിച്ചു.
മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരും എന്നതിനാലാണ് നോട്ടീസ് അനുവദിക്കാത്തതെന്ന് വി.ഡി. സതീശൻ തുറന്നടിച്ചു. മുഖ്യമന്ത്രി ഇന്ന് ഈ വിഷയത്തിൽ പ്രത്യേക പ്രസ്താവന നടത്തുന്നുണ്ട്. 14-ാമത്തെ ദിവസത്തിൽ അദ്ദേഹം എന്തു പറയുമെന്നത് പ്രധാനമാണ്.
പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു ധനാഭ്യർഥന ചർച്ച. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി തുറന്ന് പ്രവർത്തിക്കാനായതിൽ വ്യവസായ വകുപ്പിന്റെ ചർച്ചയിൽ മിക്ക അംഗങ്ങളും അഭിമാനം കൊണ്ടു. ആ ന്യൂസ് പ്രിന്റ് ഉപയോഗിച്ചാണല്ലോ ഈ പത്രങ്ങളൊക്കെ സർക്കാരിനെതിരെ എഴുതുന്നതെന്നോർക്കുമ്പോൾ സി.പി.എമ്മിലെ എം. നൗഷാദിന് സഹിക്കുന്നില്ല. പാലക്കാട്ടുകാരൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ പ്രവർത്തനം വൈദ്യത വകുപ്പിനെയാകെ കാര്യക്ഷമതയുടെ ഔന്നത്യത്തിലെത്തിച്ചെന്നാണ് പാലക്കാട് ജില്ലക്കാരനായ എ. പ്രഭാകരൻ പറയുന്നത്. തെളിവ്-രാത്രി രണ്ടരക്ക് താൻ പ്രതിനിധീകരിക്കുന്ന മലമ്പുഴയിലൊരിടത്ത് വൈദ്യുതിയില്ലെന്ന് ആരോ വിളിച്ചു പറഞ്ഞു. ആ സമയത്ത് ആരെയും വിളിക്കാൻ കഴിയില്ലെന്നോർത്തിരിക്കവെ അതാ വരുന്നു നേരത്തെ വിളിച്ചയാളുടെ വിളി -കറന്റു വന്നു. ഇതാണ് മന്ത്രി വകുപ്പിൽ ഉണ്ടാക്കിയെടുത്ത കാര്യക്ഷമത.