തിരുവനന്തപുരം- കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന മനുഷ്യന് ധാര്‍മിക ജീവിയോ എന്ന ഇസ് ലാം-നാസ്തിക സംവാദം ശ്രദ്ധേയമായിരുന്നു. എസ്സന്‍സ് ഗ്ലോബല്‍ എന്ന നവനാസ്തിക സംഘടനയുടെ നേതാവ് സി. രവിചന്ദ്രനും ജമാഅത്തെ ഇസ്ലാമി നേതാവ് ടി. മുഹമ്മദ് വേളവും ആയിരുന്നു സംവാദകര്‍. സംവാദത്തില്‍ ഇരുവരും ഉയര്‍ത്തിയ വാദമുഖങ്ങളുടെ ശരിതെറ്റുകള്‍ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്.
ഇസ്ലാം മതത്തില്‍ അല്ലാഹുവല്ല, മുഹമ്മദാണ് ദൈവം എന്ന രവിചന്ദ്രന്റെ പരാമര്‍ശം ഏറെ വിമര്‍ശം ഏറ്റുവാങ്ങി. മതത്തക്കുറിച്ച പ്രാഥമിക ധാരണപോലും ഇല്ലാതെയാണ് സംവാദത്തിനെത്തിയത് എന്നായിരുന്നു ആക്ഷേപം. ധാര്‍മികത മനുഷ്യനില്‍ സഹജമായി ഉണ്ടാകേണ്ടതാണെന്നും മതത്തിന് അതില്‍ പങ്കൊന്നുമില്ലെന്ന് തെളിയിക്കാനും രവിചന്ദ്രന്‍ ഉന്നയിച്ച ചില കണക്കുകളാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ലോകത്ത് അശ്ലീല വെബ്സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നത് മുസ്ലിം രാജ്യങ്ങളിലാണെന്നും അതിനാല്‍ മതവും മനുഷ്യധാര്മികതയുമായി ബന്ധമൊന്നുമില്ലെന്നുമായിരുന്നു രവിചന്ദ്രന്റെ വാദം. പോണ്‍സൈറ്റുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ ആദ്യ പത്തില്‍ ഏഴും മുസ്ലിം രാജ്യങ്ങളിലാണെന്നും ഗൂഗ്ള്‍ അടിച്ചുനോക്കിയാല്‍ ഇപ്പോള്‍ തന്നെ അത് അറിയാമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഗൂഗ്ള്‍ തിരയുമ്പോള്‍ ആദ്യ പത്തില്‍ ഒരു മുസ്ലിം രാജ്യംപോലും ഇല്ലെന്നാണ് മറുവാദക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്ക, ബ്രിട്ടന്, കനഡ, ഇറ്റലി, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മിക്ക പഠനങ്ങളിലും മുന്നിലെത്തിയിരിക്കുന്നത്. മുസ്ലിം രാജ്യങ്ങളില്‍ വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം വെബ്സൈറ്റുകള്‍ക്ക് നിരോധമുണ്ടെന്നും അതിനാല്‍തന്നെ ഇവിടങ്ങളില്‍ ഇത് തുറക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു. വി.പി.എന്‍ പോലുള്ള സംവിധാനങ്ങളിലൂടെ ഇത് തുറക്കുന്നതും കുറ്റകരമാണ്. അതിനാല്‍ തന്നെ രവിചന്ദ്രന്റെ വാദം തെറ്റാണെന്ന് നിരീക്ഷകനായ അനില്‍ മുഹമ്മദ് പറയുന്നു.
വീഡിയോ കാണാം: