Sorry, you need to enable JavaScript to visit this website.

മുസ്ലിം സംഘടനകളോട് അങ്ങോട്ട് ചർച്ചക്ക് പോയിട്ടില്ല, അവരാണ് താൽപര്യം പ്രകടിപ്പിച്ചത്-ആർ.എസ്.എസ്

ന്യൂദൽഹി-മുസ്‌ലിം സംഘടനകളെ ആർ.എസ്.എസ് ചർച്ചക്കായി ക്ഷണിച്ചിട്ടില്ലെന്നും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകൾ കൂടിക്കാഴ്ചക്ക് വേണ്ടി സമീപിക്കുകയായിരുന്നുവെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തേത്രയ ഹൊസബലെ. ചർച്ചക്ക് വേണ്ടി താൽപര്യം പ്രകടിപ്പിച്ചാൽ എതിരുപറയുന്ന രീതിയില്ല. മുസ്്‌ലിം ഭാഗത്ത്‌നിന്ന് ഒരു ക്ഷണം ഉണ്ടാകുമ്പോൾ അതിന് അനുസരിച്ച് ഞങ്ങൾ പ്രതികരിക്കും. മുസ്ലിംകളുടെ ഭാഗത്തുനിന്നാണ് ചർച്ചക്ക് വേണ്ടി താൽപര്യം പ്രകടിപ്പിച്ചത്. അവർ ഞങ്ങളെ കാണാൻ ആഗ്രഹിച്ചു. സംഘത്തിന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല. അവരുടെ ഭാഗത്തുനിന്നുള്ള നല്ല നടപടികളോട് മാത്രമാണ് ഞങ്ങൾ പ്രതികരിച്ചത്-ഹൊസബലെ പറഞ്ഞു.
ചർച്ചക്ക് എത്തിയവർ ആർ.എസ്.എസിനെ വിശ്വസിക്കുന്നു, ചിലർ വിശ്വസിക്കുന്നില്ല. അതുകൊണ്ട് നമ്മെ വിശ്വസിക്കുന്നവർ നമുക്ക് സ്വീകാര്യരാണ്. ഞങ്ങൾ അവരെ കണ്ടുമുട്ടുന്നു. ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കും ചായകുടിക്കും ദോഷമില്ല. ലോകത്തെ മുഴുവൻ ഒരു കുടുംബമായി ഞങ്ങൾ കണക്കാക്കുന്നു. ഞങ്ങൾക്ക് ഒരു വിശ്വാസവുമായോ മതവുമായോ എതിർപ്പില്ല. രാഷ്ട്രതാൽപ്പര്യത്തിനായി എല്ലാവരും പ്രവർത്തിക്കണം എന്നത് മാത്രമാണ് ഞങ്ങളുടെ ഏക ദൃഢനിശ്ചയം-ഹൊസബലെ കൂട്ടിച്ചേർത്തു. ആർ.എസ്.എസ് എന്നും ഇക്കാര്യം പറയാറുണ്ട്. ആരെങ്കിലും ഞങ്ങളെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ കാണും. ഞങ്ങൾ മുസ്്‌ലിംകളെ കണ്ടുമുട്ടുന്നു, ഞങ്ങൾ ക്രിസ്ത്യാനികളെ കാണുന്നു. ഞങ്ങൾ വിദേശികളെ കാണുന്നു. ആളുകൾ കണ്ടുമുട്ടുമ്പോൾ, ചർച്ചകൾ നടക്കുന്നു. ഇതാണ് ജനാധിപത്യമെന്നും ദത്തേത്രയ ഹൊസബലെ പറഞ്ഞു. 
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ദൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈഷി, മുൻ രാജ്യസഭാ എം.പി ഷാഹിദ് സിദ്ദിഖി, എ.എം.യു മുൻ വൈസ് ചാൻസലറും ലഫ്റ്റനന്റ് ജനറലും (റിട്ട) സമീർ ഉദ്ദീൻ ഷാ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ മുതിർന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണ ഗോപാൽ ജമാഅത്തെ ഇസ്്‌ലാമി ഉൾപ്പെടെയുള്ള മുസ്്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാശി, മഥുര വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി ഉയർന്നിരുന്നു. ഈ പള്ളികൾ ഹിന്ദുവിഭാഗത്തിന് കൈമാറിയാൽ മറ്റു പള്ളികളിലെ അവകാശവാദം ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് ഭാവിയിൽ ഹിന്ദു സമൂഹത്തിന്റെ ചിന്തയ്ക്ക് ഉറപ്പ് നൽകാൻ കഴിയില്ലെന്നായിരുന്നു ആർ.എസ്.എസ് നേതാക്കളുടെ മറുപടി.
 

Latest News