ബംഗളൂരു-റസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് എയർഹോസ്റ്റസ് വീണു മരിച്ച കേസിൽ മലയാളിയായ കാമുകൻ അറസ്റ്റിൽ. ബംഗളൂരു കോറമംഗയിലെ രേണുക റസിഡൻസി സൊസൈറ്റിയിലെ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് അർച്ചന എന്ന എയർഹോസ്റ്റസ് വീണു മരിച്ച കേസിലാണ് അറസ്റ്റ്. നഗരത്തിലെ സോഫ്റ്റ് വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആദർശ് എന്നയാളാണ് പിടിയിലായത്. ഇരുവരും ഡേറ്റിംഗ് സൈറ്റിലൂടെയാണ് പരിചയപ്പെട്ടത്. ആറുമാസമായി ഇവർ പ്രണയത്തിലായിരുന്നു. സംഭവം നടക്കുന്നതിന് നാലു ദിവസം മുമ്പാണ് അർച്ചന ദുബായിൽനിന്ന് ബംഗളൂരുവിൽ എത്തിയത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. അർച്ചന ബാൽക്കണിയിൽനിന്ന് തെന്നിവീണതാണെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ആദർശ് പോലീസിനോട് പറഞ്ഞിരുന്നു.