അഹമ്മദാബാദ് - ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിശ്വാസത്തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ അദാനി ഗ്രൂപ്പ് പാടുപെടുകയാണ്. പല രാജ്യങ്ങളിലും കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ ഇതൊന്നും വകവെക്കാതെ കുടുംബത്തില്‍ ഒരു ആഘോഷത്തിന് ഒരുങ്ങുകയാണ് അദാനി കുടുംബം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനി വിവാഹിതനാവുകയാണ്. വജ്രവ്യാപാരിയായ ദിവ ജെയ്മിന്‍ഷായുമായുള്ള ജീതിന്റെ വിവാഹനിശ്ചയം ഗുജറാത്തിലെ അഹമ്മദാബാദില്‍ ലളിതമായ ചടങ്ങില്‍ നടന്നു.
ചടങ്ങിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നതുകൊണ്ടാകാം ബി.ജെ.പി നേതാക്കളെയൊന്നും ചടങ്ങില്‍ കണ്ടില്ല. കുടുംബ സൃഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമേ പങ്കെടുത്തുള്ളു. ജീത്തും ദിവയും ഒന്നിച്ചുനില്‍ക്കുന്ന ഒരു ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇരുവരും നില്‍ക്കുന്നത്. കുര്‍ത്തയും ജാക്കറ്റുമണിഞ്ഞ് ജീത്തും ലഹങ്കയണിഞ്ഞ് ദിവയും നില്‍ക്കുന്നതാണ് ചിത്രം.
യു.എസിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനീയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് പഠനം പൂര്‍ത്തിയാക്കിയ ജീത്, 2019ല്‍ അദാനി ഗ്രൂപ്പില്‍ ചേര്‍ന്നു. നിലവില്‍ അദാനി ഫിനാന്‍സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റാണ് അദ്ദേഹം. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായാണ് ജീത് ആദ്യം ചുമതലയേറ്റത്. അദാനി എയര്‍പോര്‍ട്ട് ബിസിനസിന്റെയും അദാനി ഡിജിറ്റല്‍ ലാബുകളുടെയും മേല്‍നോട്ടച്ചുമതലയും ജീത് വഹിക്കുന്നുണ്ടെന്നാണ് അദാനി ഗ്രൂപ്പ് വെബ്‌സൈറ്റ് പറയുന്നത്. അദാനി ബിസിനസ് ഗ്രൂപ്പിന്റെ എല്ലാ ഉപഭോക്താക്കളെയും ലക്ഷ്യംവെച്ച് ഒരു ആപ്പ് നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് അദാനി ഡിജിറ്റല്‍ ലാബ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)