Sorry, you need to enable JavaScript to visit this website.

സ്വവര്‍ഗ പ്രേമികളും വേശ്യകളും രക്തംദാനം ചെയ്യരുത്, ശാസ്ത്രീയ തെളിവുകളുമായി കേന്ദ്രം

ന്യൂദല്‍ഹി- സ്വവര്‍ഗ പ്രേമികളേയും ലൈംഗിക തൊഴിലാളികളേയും ട്രാന്‍സ്‌ജെന്‍ഡറുകളേയും രക്തദാനത്തില്‍നിന്ന് തടഞ്ഞതിന് ശാസ്ത്രീയ തെളിവുകളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ അനുസരിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, ലെംഗികത്തൊഴിലാളികള്‍ എന്നിവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുവാദമില്ല. കുടുംബക്ഷേമ മന്ത്രാലയത്തിന്റെ രക്തദാതാക്കള്‍ക്കായുള്ള   മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ വിഭാഗങ്ങളെ രക്തം ദാനം ചെയ്യുന്നതില്‍ നിന്ന് വിലക്കുന്ന  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രാഥമിക സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.  
നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലാണ് രക്തദാനത്തില്‍നിന്ന് ഒഴിവാക്കേണ്ടവരെ നിര്‍ദേശിച്ചതെന്നും ഇത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ആരോഗ്യ മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറയുന്നു. മെഡിക്കല്‍, സയന്റിഫിക് വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് ഈ കൗണ്‍സില്‍. ഹരജിയില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ എക്‌സിക്യൂട്ടീവിന്റെ പരിധിയില്‍ വരുന്നതാണെന്നും വ്യക്തിഗത അവകാശ വീക്ഷണത്തിന് പകരം പൊതുജനാരോഗ്യ വീക്ഷണകോണില്‍നിന്നാണ് പരിഗണിക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ വാദിക്കുന്നു.
ട്രാന്‍സ്‌ജെന്‍ഡറായ  തങ്ജം സാന്താ സിംഗാണ്  2017ലെ രക്തദാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ എതിര്‍ത്ത് സുപ്രീം കോടതിയെ സമീപിച്ചത്.
ട്രാന്‍സ്‌ജെന്‍ഡര്‍, സ്വവര്‍ഗാപ്രേമി, സ്ത്രീ ലൈംഗികത്തൊഴിലാളികള്‍ എന്നിവരെ എച്ച്‌ഐവി/എയ്ഡ്‌സ് സാധ്യതയുള്ള വിഭാഗമായി കണക്കാക്കിയാണ് രക്തം ദാനം ചെയ്യുന്നതില്‍നിന്ന്  വിലക്കുന്നത്. സുരക്ഷിതമായ രക്തം ലഭിക്കുകയെന്നത് രോഗികളുടെയും ആവശ്യക്കാരുടെയും അവകാശമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
ആരോഗ്യപരമായ വീക്ഷണത്തിലും ഈ നടപടി പ്രധാനമാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ നിരോധിക്കുന്നതിന്റെ ഉദ്ദേശ്യം സുരക്ഷിത രക്തദാനസംവിധാനം നടപ്പിലാക്കുക എന്നതാണെന്നും ആരോഗ്യ മന്ത്രാലയും വിശദീകരിക്കുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍മാരും ലൈംഗികത്തൊഴിലാളികളും രക്തദാതാക്കളാകുമ്പോള്‍ എച്ച്.ഐ.വി, എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, സി, ലൈംഗിക പകര്‍ച്ച വ്യാധികള്‍ (എസ്.ടി.ഐ) എന്നിവക്കുള്ള സാധ്യത കൂടുതലാണ്. ഡോക്ടര്‍മാരുടേയും ഗവേഷകരുടേയും ശുപാര്‍ശകളുടെ  അടിസ്ഥാനത്തിലാണ് 2017 ല്‍ നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഈ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഏതൊക്കെ വിഭാഗങ്ങളെ രക്തദാനത്തില്‍നിന്ന് തടയണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിക്കുന്നത്. ഇത്തരക്കാരെ മാറ്റി നിര്‍ത്തുന്നതിന് എട്ട് ഗവേഷണ പ്രബന്ധങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കിയിരിക്കുന്നത്. പുരുഷന്മര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എച്ച്.ഐ.വിക്കും ലൈംഗിക പകര്‍ച്ച വ്യാധികള്‍ക്കും സാധ്യത കൂടുതലാണെന്ന് ഇന്റര്‍നഷണല്‍ ജേണല്‍ ഓഫ് കമ്മ്യൂണിറ്റി മെഡിസിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് 2019 ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News