Sorry, you need to enable JavaScript to visit this website.

വിശപ്പടക്കാന്‍ മറ്റ് വഴിയില്ല, ഭക്ഷണം കിട്ടാനായി ബോംബ് ഭീഷണി മുഴക്കി ജയിലിലേക്ക്

ഈറോഡ് (തമിഴ്‌നാട്) : തൊഴിലില്ല, കൈയ്യില്‍ പണമില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ മറ്റ് വഴിയൊന്നുമില്ല. ഈ അവസ്ഥയില്‍ എന്ത് ചെയ്യും? ഭക്ഷണം കഴിക്കാനായി യുവാവ് കണ്ടെത്തിയ മാര്‍ഗമാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്. മേട്ടുപ്പാളയം സ്വദേശിയായ സന്തോഷ്‌കുമാറാണ് ഭക്ഷണത്തിന് വേണ്ടി അറ്റകൈ പ്രയോഗിച്ചത്. ഈറോഡിലെ റെയില്‍വേ സ്റ്റേഷനിലും പ്രധാന ബസ് സ്റ്റാന്‍ഡിലും സ്ഫോടനം നടക്കുമെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് പറയുകയായിരുന്നു. ഫോണ്‍ സന്ദേശം വളരെ ഗൗരവത്തിലെടുത്ത പോലീസ് റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. എന്നാല്‍ ഇവിടങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ ഫോണ്‍ വിളിച്ച് പറഞ്ഞയാളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. അങ്ങനെയാണ് മേട്ടുപ്പാളയം സ്വദേശിയായ സന്തോഷ് കുമാറിനെ(34) പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പണിയൊന്നുമില്ലെന്നും ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞത്. പോലീസ് പിടിച്ച് ജയിലിലിട്ടാല്‍ മൂന്ന് നേരം ഭക്ഷണം കിട്ടുമല്ലോയെന്ന പ്രതീക്ഷയിലാണ് ഫോണ്‍ ചെയ്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. 
ജയിലില്‍ പോകാനായി ഇത്തരത്തില്‍ വ്യാജ ഫോണ്‍വിളികള്‍ നടത്തുന്നത് ഇയാളുടെ പതിവാണെന്ന് പോലീസ് പറയുന്നു.  2019 ലും 2021 ലും ഇത്തരത്തില്‍ വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ നല്‍കിയതിന് സന്തോഷ്‌കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതായാലും സന്തോഷ് കുമാറിന്റെ ആഗ്രഹം സാധിച്ചു. കേസെടുത്ത് ഇയാളെ ഇപ്പോള്‍ ജയിലിലേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

 

 

Latest News