Sorry, you need to enable JavaScript to visit this website.

കതുവ പീഡനത്തിൽ പ്രതിഷേധിച്ച് രാമനുണ്ണിയുടെ ശയനപ്രദക്ഷിണം സംഘർഷത്തിൽ കലാശിച്ചു

കണ്ണൂർ - കതുവ സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു സമൂഹത്തിന്റെയെന്ന പേരിൽ എഴുത്തുകാരൻ കെ.പി.രാമനുണ്ണിയുടെ നേതൃത്വത്തിൽ ചിറക്കൽ കടലായി ക്ഷേത്രത്തിൽ നടത്തിയ  പ്രായശ്ചിത്ത ശയന പ്രദക്ഷിണം സംഘർഷത്തിൽ കലാശിച്ചു. സംഘ്പരിവാർ പ്രവർത്തകരും രാമനുണ്ണിയെ അനുകൂലിക്കുന്നവരും തമ്മിലെ തർക്കം കയ്യാങ്കളിയിലെത്തി. ഇന്ന് രാവിലെയാണ് ക്ഷേത്രത്തിൽ ശയനപ്രദക്ഷിണം നടത്താൻ രാമനുണ്ണി എത്തിയത്. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള പ്രദക്ഷിണം അംഗീകരിക്കില്ലെന്നും വിശ്വാസിയാണെങ്കിൽ നടത്താമെന്നും സംഘ്പരിവാർ പ്രവർത്തകർ വ്യക്തമാക്കി. ഇതേതുടർന്ന് വിശ്വാസിയാണെന്നും ആ നിലക്ക് ശയനപ്രദക്ഷിണം നടത്തുമെന്നും രാമനുണ്ണി പറഞ്ഞു. ക്ഷേത്രക്കുളത്തിൽ നിന്ന് കുളിച്ചെത്തിയ രാമനുണ്ണി ശയനപ്രദക്ഷിണം തുടങ്ങിയെങ്കിലും ഇരുവിഭാഗത്തിലെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ഹരേനാമ ഭജനയുമായി സംഘ്പരിവാർ പ്രവർത്തകർ മുന്നിലും തൊട്ടുപിറകെ രാമനുണ്ണിയുടെ ശയനപ്രദക്ഷിണവും നടന്നു. ഇതിനിടെ ആരോ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് സംഘ്പരിവാർ പ്രവർത്തകരും രാമനുണ്ണിക്കൊപ്പമുള്ള സി.പി.എം പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. ഏത് നിമിഷവും സംഘർഷമുണ്ടാകുമെന്ന നിലയെത്തിയതോടെ പോലീസ് ഇടപെട്ട് പ്രവർത്തകരെ ക്ഷേത്രത്തിനകത്ത് നിന്ന് പുറത്തെത്തിച്ചു. ശയനപ്രദക്ഷിണം പൂർത്തിയാക്കാതെ രാമനുണ്ണി പുറത്തിറങ്ങുകയും ചെയ്തു. 

ശയനപ്രദക്ഷിണത്തിനെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രംഗത്തു വന്നു കഴിഞ്ഞു. ദേവസ്വം ബോർഡ് ഈ നീക്കത്തെ തടഞ്ഞില്ലെങ്കിൽ വിശ്വാസികൾ ഇടപെട്ട് തടയുമെന്നായിരുന്നു മുന്നറിയിപ്പ്. കേരള സംസ്‌കൃത സംഘത്തിന്റെ പേരിലാണ് ഈ പരിപാടി സംഘടിപ്പിക്കുകയെന്ന് കവിഞ്ഞ ദിവസം കെ.പി.രാമനുണ്ണി വ്യക്തമാക്കിയിരുന്നു. കത്‌വ സംഭവം ക്ഷേത്രത്തിൽ വെച്ചാണ് നടന്നതെന്നതിനാൽ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ക്ഷേത്രത്തിനകത്ത് രാവിലെ 9 നു പ്രായശ്ചിത്ത ശയന പ്രദക്ഷിണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതു സംബന്ധിച്ച് കേരള സംസ്‌കൃത സംഘത്തിന്റെ പേരിൽ കെ.പി.രാമനുണ്ണി, സ്വാമി ധർമ്മ ചൈതന്യ, സതീശൻ തില്ലങ്കേരി എന്നിവരുടെ പേരിലുള്ള നോട്ടീസും പ്രചരിപ്പിച്ചു. ക്ഷേത്രങ്ങളെ ഫാസിസ്റ്റുകളുടെ കൈയ്യിൽ നിന്നും മോചിപ്പിക്കുകയും വിശ്വാസികൾക്കായി നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ഇതിൽ കലാകരന്മാരും ആത്മീയ നേതാക്കളുമടക്കം പങ്കെടുക്കുമെന്നും ഹിന്ദു മത വിശ്വാസികൾ ആചരണത്തിലും സാന്നിധ്യം കൊണ്ടും സന്നിഹിതരാവണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു മതസ്ഥരുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. 
അതേസമയം, ക്ഷേത്രത്തിനകത്ത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പരിപാടി സംഘടിപ്പിച്ച് വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ഈ നീക്കം തടയാൻ ദേവസ്വം ബോർഡ് മുന്നോട്ടു വന്നില്ലെങ്കിൽ തങ്ങൾ തടയുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പു നൽകിയിരുന്നു. കെ.പി.രാമനുണ്ണി ഉത്തമ ഹിന്ദു വിശ്വാസിയല്ല. അദ്ദേഹം ആർക്കു വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. വിശ്വാസം സംരക്ഷിക്കുന്ന വിധത്തിലുള്ള ഒരു പരിപാടിയും ഇതുവരെ നടത്താത്ത കടലാസ് സംഘടനയാണ് കേരള സംസ്‌കൃത സംഘമെന്നും ജമ്മു കശ്മീരിൽ നടന്ന ഒരു സംഭവത്തിന്റെ പ്രതിഷേധം കണ്ണൂരിലെ ക്ഷേത്രത്തിൽ നടത്തുന്നതിന്റെ ലക്ഷ്യം വ്യക്തമാണെന്നുമായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആരോപണം.  
        

 

Latest News