ചെന്നൈ- മാലിദീപിലെ ഭരണകക്ഷിയിലെ പ്രമുഖ നേതാവ് അഹ്മദ് നിഹാനെ ചെന്നൈ വിമാത്താവളത്തില്‍ തടഞ്ഞു ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. തിങ്കളാഴ്ച രാത്രിയാണ് നിഹാന്‍ ചെന്നൈയില്‍ വിമാനമിറങ്ങിയത്. വൈദ്യ പരിശോധനകള്‍ക്കായി നിഹാന്‍ ഇന്ത്യയിലെത്തിയത്. സംഭവം ദൗര്‍ഭാഗ്യകരമായെന്ന് ഇന്ത്യയിലെ മാലിദീപ് അംബാസഡര്‍ അഹ്മദ് മുഹമ്മദ് പ്രതികരിച്ചു. അദ്ദേഹത്തെ തടയാനുള്ള കാരണമെന്തെന്ന് അന്വേഷിച്ചിട്ടുണ്ട്. നിഹാന്‍ വൈദ്യ പരിശോധനകള്‍ക്കായി നേരത്തേയും ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഇത്തവണയും ഈ ആവശ്യത്തിനാണ് അദ്ദേഹം എത്തിയത്. വിഷയം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാലിദീപ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ അംബാസഡര്‍ അഖിലേഷ് മിശ്രയേയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാലിദീപിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ നിലനില്‍ക്കെയാണ് പുതിയ സംഭവം. മാലിദീപ് പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദീവ്‌സിന്റെ സഭാകക്ഷി നേതാവാണ് നിഹാന്‍. പ്രസിഡന്റ് അബ്ദുല്ല യമീനുമായി ഏറെ അടുപ്പമുള്ള നേതാവു കൂടിയാണ്.
സംഭവത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. ചെന്നൈ വിമാനത്താവളത്തില്‍ നാലു മണിക്കൂര്‍ തന്നെ തടഞ്ഞുവെച്ചു എന്നാണ് മാലിദീപില്‍ തിരിച്ചെത്തിയ നിഹാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.