Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ബി.ജെ.പിക്ക് പുതിയ പദ്ധതി, ഈസ്റ്ററിൽ ക്രിസ്ത്യൻ വീടുകളിലും ഈദിന് മുസ്ലിം വീടുകളിലും സന്ദർശനം

ന്യൂദല്‍ഹി- കേരളത്തിൽ വേരുറപ്പിക്കാനും ഭരണം കൈക്കലാക്കാനും പുതിയ പദ്ധതിയുമായി രംഗത്തിറങ്ങുകയാണ് ബി.ജെ.പി. കേരള ജനസംഖ്യയിൽ 46 ശതമാനത്തോളം വരുന്ന മുസ്്‌ലിം-ക്രിസ്ത്യൻ വിഭാഗത്തെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. പരമ്പരാഗതമായി ഇടതുപക്ഷമായ എൽ.ഡി.എഫിനും വലതുപക്ഷമായ യു.ഡിഎഫിനും കൂടെ നിൽക്കുന്ന കേരള്തതിൽ ഇതേവരെ വേരോട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രവർത്തനം ബി.ജെ.പി കാഴ്ചവെച്ചെങ്കിലും ഒരു സീറ്റും നേടാനായിരുന്നില്ല. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ശബരിമല വിഷയത്തിൽ ശക്തമായ പ്രക്ഷോഭം ബി.ജെ.പി നടത്തിയെങ്കിലും തെരഞ്ഞെടുപ്പിൽ മുതലാക്കാനായില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നുള്ള 20 സീറ്റിൽ പതിനഞ്ചിലും കോൺഗ്രസ് ജയിച്ചു. രണ്ടിടത്ത് സഖ്യകക്ഷിയായ മുസ്്‌ലിം ലീഗും ഓരോ സ്ഥലങ്ങളിൽ മറ്റു സഖ്യകക്ഷികളായ കേരള കോൺഗ്രസ് മാണിയും ആർ.എസ്.പിയും വിജയിച്ചു. ആലപ്പുഴ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയും വിജയിച്ചു. 
ഈസ്റ്റർ ദിനത്തിലാണ് ക്രിസ്ത്യൻ വീടുകളിൽ സമ്പർക്കം നടത്താൻ ബി.ജെ.പി തീരുമാനിച്ചത്. ഏപ്രിൽ 9-ന് ഈസ്റ്റർ ദിനത്തിൽ പതിനായിരം ബി.ജെ.പി പ്രവർത്തകർ ഒരു ലക്ഷത്തോളം വരുന്ന ക്രിസ്ത്യാനികളുടെ വീടുകൾ സന്ദർശിക്കും. 
കഴിഞ്ഞ വർഷം ക്രിസ്മസിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ ക്രിസ്ത്യാനികളുടെ വീടുകളിൽ സമ്മാനങ്ങളുമായി എത്തിയിരുന്നു. ഏപ്രിൽ മൂന്നാം വാരത്തിൽ ഈദ് ദിനത്തിൽ മുസ്ലിംകളുടെ വീടുകളും ബി.ജെ.പി സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഈ പദ്ധതിയുടെ ആസൂത്രകൻ. ഹൈദരാബാദിൽ നടന്ന പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കായി 'സ്‌നേഹ സംവാദ്' (സ്‌നേഹത്തിന്റെ സന്ദേശം) സംഘടിപ്പിക്കാൻ പാർട്ടി കേഡറോട് മോഡി ആവശ്യപ്പെട്ടിരുന്നു. 
ഈയിടെ നടന്ന അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 2026 നിയമസഭ തെരഞ്ഞടുപ്പിൽ കേരളത്തിലും വിജയിക്കാനാകുമെന്ന് മോഡി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ദൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. വടക്കുകിഴക്കൻ മേഖലകളിൽ ക്രിസ്ത്യൻ സമൂഹത്തിന് വലിയ പിന്തുണയാണ് പാർട്ടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രണ്ട് പ്രബല കക്ഷികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇടതുപക്ഷവും കോൺഗ്രസും സംസ്ഥാനത്ത് കടുത്ത എതിരാളികളാണെങ്കിലും അവർ ത്രിപുര തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായാണ് മത്സരിച്ചതെന്നും മോഡി വ്യക്തമാക്കിയിരുന്നു. ഇതേ വാചകം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവർത്തിക്കുകയും ചെയ്തു. 
സംസ്ഥാനത്തെ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ ഉൾക്കൊള്ളുന്ന 'താങ്ക് യുമോഡി പരിപാടിയും ബി.ജെ.പി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനകം 12,000-ത്തോളം ആളുകൾ 'താങ്ക്‌സ് മോഡി വീഡിയോകൾ മലയാളത്തിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. 

Latest News