കാടുകളിൽ ഒളിച്ച വിയറ്റ്‌നാം പട്ടാളക്കാരെ കണ്ടെത്താൻ കാട്ടിലെ ഇലകൾ പൊഴിക്കുകയല്ലാതെ മറ്റ് വഴികളൊന്നും അന്ന് അമേരിക്കക്ക് മുന്നിലുണ്ടായിരുന്നില്ല. അതിനവർ അതിക്രൂരമായ തന്ത്രം പ്രയോഗിച്ചു- ഏജന്റ് ഓറഞ്ച് എന്ന രാസസ്തു വിതറി. അങ്ങനെ ചെയ്തപ്പോൾ ഇലകൾ കൊഴിഞ്ഞു. ഒളിച്ചിരുന്ന പട്ടാളക്കാരെ അമേരിക്കക്ക് കണ്ടെത്താനായി. ഫല മാകട്ടെ മൂന്ന് തലമുറ കഴിഞ്ഞിട്ടും വിയറ്റ്‌നാമിലെ ജനങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുവെന്നതും. ഈ പറഞ്ഞ രാസവസ്തുവിലുള്ള വിഷമാണ് ബ്രഹ്മപുരത്തെ വിഷപ്പുകയിലുമുള്ളതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കുകൾ കേട്ടിരുന്നവരെ ഞെട്ടിച്ചു. കൊച്ചിയിലെ ബന്ധപ്പെട്ട പ്രദേശത്തെ അവസ്ഥ നല്ല പദ സമ്പത്തും , ആശയങ്ങളും നാക്കിൻ തുമ്പത്തുള്ള സതീശൻ കേൾക്കുന്നവരെ വിറകൊള്ളിക്കും വിധം ഇങ്ങനെ വിവരിച്ചു.
കൊച്ചിയിലും പരിസരത്തും വായുവും വെള്ളവും മുഴുവനും മലിനമായി. ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ അടിച്ച വെള്ളം ഒഴുകിവരുന്ന കടമ്പ്രയാറും മലിനമായി. മുഖ്യമന്ത്രിയുടെ വകുപ്പാണ് പരിസ്ഥിതി. പരിസ്ഥിതി മലിനമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങൾ ഏതെങ്കിലും വിദഗ്ധ ഏജൻസിയെകൊണ്ട് അന്വേഷിപ്പിച്ചില്ല. വിഷപ്പുക എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയത്. ഗുരുതരമായ പ്രശ്‌നമായിട്ടും സർക്കാർ ലഘുവായി കണ്ടു.
മാലിന്യം കത്തിക്കോട്ടെ എന്നാണ് സർക്കാർ ചിന്തിച്ചത്. മുഴുവൻ കത്തി തീർന്നാലേ കരാറുകാരനെ സഹായിക്കാൻ കഴിയൂ. എറണാകുളത്തെ ജനങ്ങൾക്ക് അനാഥത്വം അനുഭവപ്പെട്ടു- വി. ഡി സതീശന്റെ വാക്കുകൾ ഭരണ നിരകളിലേക്ക് രാസായുധം കണക്കെ ചീറ്റി ചെന്നു. നിയമ സഭയിൽ കാര്യങ്ങൾ ഈ വിധം ഭീകര രൂപിയായത് ഭരണ നിരയെ പ്രകോപിക്കുക സ്വാഭാവികം. ടി.ജെ. വിനോദ് നോട്ടീസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷത്തെ കളിയാക്കിയും അല്ലാതെയും പ്രശ്‌നത്തെ ലളിതവൽക്കരിക്കാൻ ആവും വിധം നോക്കി.
ദൽഹിയിൽ നിന്ന് കേരളത്തിലെത്തിയ ചിലർ പറയുന്നത് ശ്വസിക്കാൻ പറ്റുന്നില്ല എന്നാണെന്നും സത്യത്തിൽ ശ്വസിക്കാൻ കേരളത്തിലേക്ക് വരേണ്ട സ്ഥിതിയാണുള്ളതെന്നും മന്ത്രി എം .ബി രാജേഷ് കേരള മഹത്വത്തിന്റെ സ്ഥിരം കൊടുമുടി കയറി. കൊച്ചിയിൽ ഏഴാം തീയതി വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നു. ദൽഹിയിൽ അന്ന് 238 പിപിഎം . ഇന്ന് കൊച്ചിയിൽ 138 പിപിഎം ആണ്. ദൽഹിയിൽ 223ഉം- അപ്പോൾ എവിടെയാണ് ശ്വസിക്കാൻ പറ്റിയ സ്ഥലം ?
ബ്രഹ്മപുരത്ത് മാലിന്യം സംസ്‌കരിക്കുന്ന കമ്പനി വ്യാജ കമ്പനിയാണ് ,കടലാസ് കമ്പനിയാണ് എന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ടു ഡസനോളം സ്ഥലങ്ങളിൽ ഈ കമ്പനി മാലിന്യ സംസ്‌കരണം നടത്തുന്നുണ്ട്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഈ കമ്പനി പ്രവർത്തിക്കുന്നുണ്ട്- ആ രോപണവിധേയമായ കമ്പനിയെ മന്ത്രി ഈ വിധം ന്യായീകരിച്ചു. കമ്പനിയുടെ പ്രധാനി സി.പി.എമ്മിൽ പിണറായി വിജയനോളം തന്നെ വലിയ നേതാവായ വൈക്കം വിശ്വന്റെ മരുമകനാണെന്ന ആക്ഷേപവും, മറുപടികളും അന്തരീക്ഷത്തിലുണ്ട്.
ഈ പറഞ്ഞ കമ്പനി പറയുന്നതുപോലെയൊന്നുമുള്ള സ്ഥാപനമല്ലെന്നും , തൊട്ടയിടത്തെല്ലാം കടം വരുത്തിയവരാണെന്നും വി.ഡി സതീശൻ സ്ഥാപനത്തെ ചെറുതാക്കിയത് ഭരണ നിരയെ അരിശം കൊള്ളിച്ചു.
ബ്രഹ്മപുരം തീപ്പിടിത്ത വിഷയത്തിൽ പ്രതിപക്ഷനേതാവ് വി .ഡി സതീശൻ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തെത്തി. നിയമസഭയിൽ പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ വളരെ മോശമായി സംസാരിച്ചെന്ന് മന്ത്രി പരാതി പറഞ്ഞു.
ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായി പത്തുദിവസത്തിനു ശേഷം, പത്താംതീയതി കൊച്ചിയിലെത്തി മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞുവെന്നതാണ് മന്ത്രി വീണക്ക് ആക്ഷേപമായത്. താൻ അദ്ദേഹത്തെ ചലഞ്ച് ചെയ്യുകയാണ്- അഞ്ചാം തീയതി കൊച്ചിയിലെത്തി അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ എം.എൽ.എമാരായ ടി.ജെ വിനോദും ഉമാ തോമസും അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് അന്നത്തെ യോഗത്തിൽ ഉണ്ടായിരുന്നില്ല. ആരോഗ്യവിദഗ്ധർ നിർദേശിച്ച പ്രതിരോധമാണ് എൻ 95 മാസ്‌ക് ധരിക്കുക എന്നതെന്ന് വീണാ ജോർജ് തന്റെ ഭാഗം വാദിച്ചു.
സഭയിലുണ്ടായിരുന്നിട്ടും, വിഷയത്തിൽ മുഖ്യമന്ത്രി സംസാരിച്ചില്ല. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഉയർത്തിയെങ്കിലും പിണറായി വിജയൻ മൗനം തുടരുകയാണ്.
പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച സഭയിൽ ധനാഭ്യർഥന ചർച്ച ഭരണനിര സജീവമാക്കി.