കൊച്ചി- ബ്രഹ്മപുരം തീ പിടിത്തവുമായി ബന്ധപ്പെട്ട് ബയോ മൈനിംഗ് കരാറുകാരായ സോണ്‍ട ഇന്‍ഫ്രാ ടെക്കിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് കമ്പനി എം ഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള. മാലിന്യം കത്തിച്ചത് സോണ്‍ട കമ്പനിയാണെന്ന് ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതാണ്. ഈ പ്രചാരണത്തിന് പിന്നില്‍ തങ്ങള്‍ക്കൊപ്പം ടെണ്ടറില്‍ പങ്കെടുത്ത കമ്പനിയാണെന്നും അവര്‍ ചില നേതാക്കളിലൂടെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാലിന്യം കത്തിയതില്‍ നഷ്ടം സംഭവിച്ചത് കമ്പനിക്കാണ്. 500 കോടി രൂപ പ്രൊജക്ട് നിലനില്‍ക്കുമ്പോള്‍ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
സോണ്‍ടാ ഇന്‍ഫോ ടെക്കുമായി കൊച്ചി കോര്‍പറേഷന്‍ നിസ്സഹകരിക്കുകയാണ്. തീപിടുത്ത മുന്നറിയിപ്പുമായി കമ്പനിക്ക് അയച്ചുവെന്ന് കോര്‍പറേഷന്‍ അവകാശപ്പെടുന്ന രണ്ട് കത്തുകള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. സോണ്‍ടയെ മനപ്പൂര്‍വ്വമായി കുടുക്കാന്‍ വ്യാജ കത്ത് ഉപയോഗിക്കുകയാണ്. ഇല്ലാത്ത കത്ത് ഉണ്ടെന്ന് പറഞ്ഞ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ കത്ത് അയച്ചു. കോര്‍പ്പറേഷന്‍ അയച്ചെന്ന് പറഞ്ഞ രണ്ട് കത്തും കമ്പനിക്ക് കിട്ടിയിട്ടില്ല. വ്യാജ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറയിച്ചു.
ബ്രഹ്മപുരത്ത് അഗ്നിശമന സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടത് കൊച്ചി കോര്‍പറേഷനാണ്. കരാറില്‍ ഇത് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത്തരം ഒരു സംവിധാനവും അവിടെ നിലവിലില്ല. മാലിന്യസംസ്‌കരണ പ്ലാന്റ് എന്ന പറയുന്നുണ്ടെന്നതല്ലാതെ അവിടെ മാലിന്യ സംസ്‌കരണം നടക്കുന്നില്ല. ജൈവമാലിന്യ സംസ്‌കരണത്തിനുള്ള സോണ്‍ടയുടെ കരാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബയോ മൈനിംഗും ബയോക്യാപിങ്ങും ചെയ്യുന്നതാണ് കമ്പനിയുടെ ചുമതല. 110 ഏക്കറില്‍ 40 ഏക്കറില്‍ മാത്രമാണ് തങ്ങള്‍ ബയോ മൈനിംഗ് നടത്തുന്നത്. സോണ്‍ട ബയോ മൈനിംഗ് നടത്തുന്ന ഭാഗങ്ങളില്‍ ജൈവമാലിന്യങ്ങളില്ല. കാലക്രമത്തില്‍ ജൈവമാലിന്യങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞു. ബയോ മൈനിംഗില്‍ വീഴ്ചവരുത്തിയെന്ന ആക്ഷേപം കഴമ്പില്ലാത്തതാണ്. മഴക്കാലങ്ങളില്‍ ബയോ മൈനിംഗ് നടക്കില്ല. വേനല്‍ക്കാലത്താണ് ഈ ജോലികള്‍ നടക്കുക. തങ്ങള്‍ക്ക് ജോലി പൂര്‍ത്തിയാക്കാന്‍ ഇനിയും എട്ടു മാസം ബാക്കിയുണ്ടെന്നും അതിനോടകം കരാര്‍ അനുസരിച്ചുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
സോണ്‍ട ഇന്‍ഫ്രാടെക് കടലാസ് കമ്പനിയാണെന്ന് പറയുന്നവര്‍ ഈ കമ്പനിയിലെ നിക്ഷേപകരില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്ന് മനസ്സിലാക്കണം. മധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍, തമിഴ്‌നാട്, കര്‍ണാടക, കേരള, പഞ്ചാബ് തുടങ്ങി ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ കമ്പനി ബയോമൈനിഗ് വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കമ്പനിക്ക് കേരളത്തില്‍ കരാര്‍ ലഭിച്ചിട്ടുള്ളത്. അതിന് പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളില്ല. അത്തരം ബന്ധങ്ങളുണ്ടെങ്കില്‍ കൊച്ചി കോര്‍പറേഷനുമായി തര്‍ക്കമുണ്ടാകില്ലല്ലോ എന്നും രാജ്കുമാര്‍ ചോദിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)