കൊച്ചി- പന്ത്രണ്ടു ദിവസമായി ബ്രഹ്മപുരത്തെ വിഷപ്പുക മൂലം പതിനായിരങ്ങളാണ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത്. പ്രാണവായു തേടി വീടിവിട്ടു പലായനംചെയ്തത് കാല്‍ലക്ഷം പേര് ആണ്. വന്‍കിട ഫ്ളാറ്റ് സമുച്ചയങ്ങളില്‍നിന്നും മാത്രം നൂറുകണക്കിന് പേരാണ് ഇതിനോടകം മറ്റിടങ്ങളിലേക്ക് താമസം മാറിയത്.
ജീവവായു കിട്ടാതെ ദുരിതമനുഭവിക്കുന്നവരില്‍ യുവാക്കള്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ വരെയുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാര്‍പ്പിട സമുച്ചയങ്ങളുള്ളതു കാക്കനാടും പരിസരങ്ങളിലുമാണ്. ശീതികരിച്ച മുറികളില്‍ പോലും വിഷവായു എത്തിത്തുടങ്ങിയതോടെ പലരും തൃശൂര്‍, കോഴിക്കോട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലേക്ക് താമസം മാറ്റി.
എവിടേക്കും പോകാന്‍ നിവൃത്തിയില്ലാത്ത തദ്ദേശവാസികള്‍ വലിയ ദുരിതത്തിലാണ്. പലരും വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം പ്രായാധിക്യമുള്ളവരും രോഗങ്ങള്‍ അലട്ടുന്നവരുമാണ്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, കിന്‍ഫ്ര വ്യവസായ പാര്‍ക്ക്, ചിറ്റേത്തുകരയിലെ പ്രത്യേക സാമ്പത്തിക മേഖല (സെസ്) എന്നിവിടങ്ങളില്‍നിന്നും നല്ലൊരു ശതമാനം ടെക്കികളും, ജീവനക്കാരും കൂട്ടത്തോടെ മറ്റു സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.
ബ്രഹ്മപുരത്ത് ഇത്തവണയുണ്ടായ അഗ്നിബാധയെ കോര്പ്പറേഷന് അധികൃതരും സര്‍ക്കാരും ജില്ലാ ഭരണകൂടവും നിസാരവല്ക്കരിച്ചതും സ്ഥിതി സങ്കീര്‍ണമാക്കി. കോര്പ്പറേഷന് മേയര്‍ അഗ്നിബാധ വകവക്കാതെ തിരുവനന്തപുരത്ത് പോയതും കോര്പറേഷന് ആരോഗ്യ സ്ഥിരം സമിതിക്കാര്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ പുതിയ സാങ്കേതികവിദ്യകള്‍ പഠിക്കാന്‍ പൂനയിലേക്ക് വിമാനം കയറിയതും ബ്രഹ്മപുരം അഗ്നിബാധ അവഗണിച്ചതിന്റെ തെളിവാണ്.
വിഷപ്പുകയിലെ കണികകള്‍ ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നെ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം പുറത്തുവന്നതോടെയാണ് ജനങ്ങള്‍ മറ്റിടങ്ങളിലേക്കു പലായനം തുടങ്ങിയത്. പുക നിയന്ത്രണ വിധേയമാവാന്‍ ചുരുങ്ങിയത് ഒരു മാസം ഇനിയും എടുത്തേക്കുമെന്നാണ് സൂചന. കൊറോണയ്ക്കു ശേഷം ശ്വാസകോശരോഗങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് വിഷപ്പുകയുടെ വ്യാപനവും.
മാലിന്യത്തിന് തീപിടിക്കുന്നത് ലോകത്തെ ആദ്യ സംഭവമല്ല എന്നായിരുന്നു തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ലോകത്ത് ആദ്യമായാണ് തീപിടുത്തമുണ്ടാകുന്നതെന്ന രീതിയിലാണ് പ്രചാരണം. മാലിന്യമല രണ്ടു വര്‍ഷം കൊണ്ട് ഉണ്ടായതുമല്ല. പ്രതിപക്ഷത്തിന് പൊള്ളുന്നതുകൊണ്ടാണ് പ്രതിഷേധം. ബ്രഹ്മപുരത്ത് മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നല്‍കുകയാണ്. ചില മാധ്യമങ്ങള്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ വിദഗ്ധരാണ്. ഡല്‍ഹിയിലേക്കാള്‍ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരം എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം .