കാസർകോട് - ഗൾഫിൽ നിന്നും കൊടുത്തയച്ച 30 പവൻ സ്വർണവും രണ്ടു ബാഗ് പർദ്ദയും അടിച്ചുമാറ്റിയ സംഭവത്തിൽ 'കാരിയർ ഉസ്താദ്' പോലീസിന്റെ കസ്റ്റഡിയിലായി. പോലീസ് അന്വേഷണം തുടങ്ങിയതോടെ മുങ്ങിയ കൂട്ടാളിക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി. സംഭവത്തിൽ ഉള്ളാൾ സ്വദേശിയും പെർവാഡ് കടപ്പുറത്ത് വാടക വീട്ടിൽ താമസക്കാരനുമായ അബ്ദുൽ ഹമീദ് ഉസ്താദിനെ (34) യാണ് കുമ്പള സി.ഐ കെ പ്രേംസദൻ , എസ്.ഐ പി.വി ശിവദാസൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൂട്ടാളി ഉപ്പള സോങ്കാലിലെ മനാഫിനു വേണ്ടിയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. ഹമീദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അടിച്ചെടുത്ത സ്വർണ്ണം എവിടെയാണ് വിൽപന നടത്തിയതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. സ്വർണം കണ്ടെടുത്ത ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ. സ്വർണം വിറ്റത് സംബന്ധിച്ച് ഹമീദ് പരസ്പര വിരുദ്ധമായാണ് പോലീസിന് മൊഴി നൽകുന്നത്. പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മൂന്ന് കൊല്ലം മുമ്പ് വരെ ഉസ്താദായിരുന്ന അബ്ദുൽ ഹമീദ് മനാഫുമായി ചേർന്ന് ഇടക്കിടെ വിസിറ്റിംഗ് വിസയിൽ ഗൾഫിലേക്ക് വിമാനം കയറി കാരിയർ പണിയെടുത്തുവരികയാണെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ബന്തിയോട് ചുക്കിരിയടുക്കത്തെ മീരാൻ കുഞ്ഞിയാണ് ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണവും പർദ്ദയും കിട്ടിയില്ലെന്ന പരാതിയുമായി പോലീസിലെത്തിയത്. മീരാൻ കുഞ്ഞിയുടെ സഹോദരൻ മൂസ ഗൾഫിൽ നിന്നും നൽകിയ പൊതിയാണ് ഹമീദ് അടിച്ചുമാറ്റിയത്.
മൂന്ന് മാസത്തെ സന്ദർശക വിസയിലാണ് ഹമീദ് ഗൾഫിലെത്തിയത്. ഇവിടെ വെച്ച് മൂസയുമായി പരിചയപ്പെട്ടതോടെയാണ് പൊതി നാട്ടിലെത്തിക്കാനായി ഹമീദിന്റെ കൈയിൽ കൊടുത്തത്. ഇതിനായി പാരിതോഷികം നൽകാമെന്നും അറിയിച്ചിരുന്നു. ഹമീദ് പൊതിയിൽ സ്വർണവും പർദ്ദയുമാണെന്ന് മനസ്സിലാക്കിയതോടെ കൂട്ടാളിയായ മനാഫിനെയും കൂട്ടി അടിച്ചുമാറ്റി മറിച്ചുവിൽക്കുകുയുമായിരുന്നു. പൊതി വീട്ടിലെത്തിയില്ലെന്നറിഞ്ഞതോടെ പൊതി വാങ്ങിപ്പോയ ഹമീദിനെ കുറിച്ച് മീരാൻ കുഞ്ഞിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മീരാൻ കുഞ്ഞി നടത്തിയ തിരച്ചിലിൽ താടിയും മീശയും വടിച്ച് മുങ്ങിനടക്കുകയായിരുന്ന ഹമീദിനെ കണ്ടെത്തുകയും ഉപ്പള ഹിദായത്ത് നഗറിലെ മഅ്ഷൂഖിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി മർദിക്കുകയുമായിരുന്നു.
ഹമീദിനെ തട്ടിക്കൊണ്ടുപോയതായി രഹസ്യ വിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയേയും കൂട്ടി മീരാൻ കുഞ്ഞിയും മഅ്ഷൂഖും പോലീസ് സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് സ്വർണം തട്ടിയെടുത്തതിന് ഹമീദിനെതിരെയും മനാഫിനെതിരെയും കേസെടുക്കുകയും ഹമീദിനെ മർദിച്ചതിന് മീരാൻ കുഞ്ഞിക്കെതിരെയും മഅ്ഷൂഖിനെതിരെയും പോലീസ് കേസെടുക്കുകയുമായിരുന്നു.
തുടർന്ന് ഹമീദിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വെച്ച ശേഷം മീരാൻ കുഞ്ഞിയുടെയും മഅ്ഷൂഖിന്റെയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.