റിയാദ് - ആരോഗ്യ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന, ആശുപത്രികൾ ഒഴികെയുള്ള പന്ത്രണ്ടു വിഭാഗം സ്ഥാപനങ്ങൾക്ക് ലൈസൻസ് നടപടികൾ എളുപ്പമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സ്ഥാപനങ്ങൾക്ക് രണ്ടു മുതൽ അഞ്ചു പ്രവൃത്തി ദിവസത്തിനകം ലൈസൻസുകൾ അനുവദിക്കും. ഇതുവരെ ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസുകൾ അനുവദിക്കാൻ പത്തു മുതൽ ഇരുപതു വരെ ദിവസമെടുത്തിരുന്നു.
നീതിയുടെയും സുതാര്യതയുടെയും മൂല്യങ്ങൾ ശക്തമാക്കാനും സ്വകാര്യ ആരോഗ്യ മേഖലയുമായി സുസ്ഥിര പങ്കാളിത്തം ഉറപ്പുവരുത്താനും ലൈസൻസ് നടപടിക്രമങ്ങൾ സുഗമമാക്കാനും ശ്രമിച്ച് നിക്ഷേപകർക്ക് ലൈസൻസുകൾ നൽകാൻ ഇലക്‌ട്രോണിക് പ്രോഗ്രാം വികസിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഈ പ്രോഗ്രാം മുഴുവൻ നടപടിക്രമങ്ങളും ഓട്ടോമേറ്റ് ചെയ്യുകയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
സ്വകാര്യ ആരോഗ്യ സ്ഥാപന നിയമാവലിയിൽ ഏഴു ആരോഗ്യ പ്രവർത്തനങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജനറൽ ആശുപത്രികൾ, സ്‌പെഷ്യലിസ്റ്റ് ആശുപത്രികൾ, പോളിക്ലിനിക്കുകൾ, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ കോംപ്ലക്‌സുകൾ, എക്‌സ്‌റേ സെന്ററുകൾ, മെഡിക്കൽ ലബോറട്ടറികൾ എന്നിവ അടക്കം ആരോഗ്യ മന്ത്രാലയം ലൈസൻസ് നൽകുന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ എണ്ണം 41 ആയി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.