റിയാദ് - ഭർത്താവിനെ വഞ്ചിക്കുന്നത് പതിവാക്കിയ ഭാര്യ അവസാനം ഗതാഗത നിയമ ലംഘങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി ട്രാഫിക് പിഴ രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് സംവിധാനമായ സാഹിർ ക്യാമറയിൽ കുടുങ്ങിയതായി സൗദി അഭിഭാഷക നൂറ ബിൻത് ഹുസൈൻ വെളിപ്പെടുത്തി. സാമൂഹികമാധ്യമമായ ടിക്‌ടോക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഭർത്താവിനെ വഞ്ചിച്ച് സാഹിർ ക്യാമറയിൽ കുടുങ്ങി വിവാഹ മോചനം ചെയ്യപ്പെട്ട യുവതിയുടെ കഥ നൂറ ബിൻത് ഹുസൈൻ വെളിപ്പെടുത്തിയത്.
സമ്പന്നയായ ഭർത്താവിന്റെ പേരിൽ നിരവധി കാറുകളുണ്ട്. ബിസിനസ്, ജോലി ആവശ്യാർഥം ഇദ്ദേഹം നിരന്തരം വിദേശയാത്രകൾ നടത്തിയിരുന്നു. ഭർത്താവ് വിദേശങ്ങളിലേക്ക് പോകുന്ന തക്കങ്ങളിലാണ് ഭാര്യ കാമുകനൊപ്പം സമയം ചെലവഴിച്ചിരുന്നത്. ഒരിക്കൽ ഭർത്താവ് വിദേശത്തേക്ക് പോയപ്പോൾ യുവതി ഭർത്താവിന്റെ കാർ ഉപയോഗിക്കുകയും ഈ കാറിൽ കാമുകനൊപ്പം സഞ്ചരിക്കുകയും ചെയ്തു. ഈ യാത്രക്കിടെ ഗതാഗത നിയമം ലംഘിച്ചതിന് സാഹിർ ക്യാമറ കാർ ഉടമയുടെ പേരിൽ പിഴ രേഖപ്പെടുത്തി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയത്. നിയമ ലംഘനത്തിന്റെ ഫോട്ടോ സാഹിർ ക്യാമറ പകർത്തിയിരുന്നു. ഈ ഫോട്ടോയിൽ യുവതിയും കാമുകനുമുണ്ടായിരുന്നു.
താൻ സൗദിയിലില്ലാത്ത നേരത്ത് തന്റെ പേരിൽ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി നാട്ടിൽ തിരിച്ചെത്തിയപ്പോൾ അറിഞ്ഞ ഭർത്താവ് ഇതിന്റെ കാരണം അറിയാൻ ആഗ്രഹിച്ച് നിയമ ലംഘനത്തിന്റെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് തന്റെ കാറിൽ ഭാര്യയും കാമുകനും ഒരുമിച്ച് സഞ്ചരിക്കുന്ന ദൃശ്യം കണ്ട് ഞെട്ടിയത്. ഉടൻ തന്നെ ഇദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തി ഭാര്യക്കെതിരെ പരാതി നൽകുകയും ഭാര്യയെ മൊഴി ചൊല്ലുകയുമായിരുന്നു. അന്വേഷണത്തിൽ തനിക്കൊപ്പമുണ്ടായിരുന്നത് കാമുകനാണെന്ന് യുവതി സമ്മതിച്ചതായും സൗദി അഭിഭാഷക നൂറ ബിൻത് ഹുസൈൻ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)