Sorry, you need to enable JavaScript to visit this website.

VIDEO മേഘങ്ങള്‍ മാറിനിന്ന അസീറിലും ശക്തമായ മഴ; കര്‍ഷകര്‍ ആഹ്ലാദത്തില്‍

അബഹ- രണ്ട് ദിവസമായി അസീര്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഏതാനും വര്‍ഷങ്ങളായി മാറി നിന്ന മഴ വീണ്ടും അസിറിനെ കുളിരണിയിച്ചത് കര്‍ഷകര്‍ക്ക് ആഹ്ലാദം സമ്മാനിച്ചു. വ്യാഴം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മക്ക, ജിദ്ദ, അറാര്‍ തായിഫ് തുടങ്ങി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തു പെയ്യുമ്പോഴും  പ്രാര്‍ത്ഥനകളുമായി കഴിയുകയായിരുന്നു അസീറിലെ കര്‍ഷകര്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏതാനും വര്‍ഷമായി മഴയുടെ ലഭ്യത കുറഞ്ഞു വരികയായിരുന്നു. ഖമീസ് മുഷൈത്ത്, തന്ദഹ, അഹദ് റുഫൈദ, തുടങ്ങി പലിടത്തും ഒട്ടും മഴ ലഭിച്ചിരുന്നില്ല.
ശൈത്യകാലത്തിനു മുന്നോടിയായി സാധാരണയായി ആവശ്യത്തിന് മഴ ലഭിച്ചിരുന്നു വെങ്കിലും ഇത്തവണ ഒട്ടും  മഴ ലഭിച്ചിരുന്നില്ല. മഴ ലഭിക്കാത്തതും വെള്ളത്തിന്റെ ലഭ്യതക്കുറവും വേണ്ടത്ര വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞിരുന്നില. ശക്തമായ മഴ പെയ്തത് തൊഴിലാളികള്‍ക്കും വലിയ ആശ്വാസമായി. സമീപ പ്രദേശങ്ങളിലെ കിണറുകളാണ് തൊഴിലാളികള്‍ ആശ്രയിച്ചിരുന്നത്.  കിണറുകളില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കൃഷി ഇടങ്ങളില്‍ ചാലുകള്‍ തീര്‍ത്ത് വിവിധ കളങ്ങളിലേയ്ക്ക് തിരിച്ചുവിടുന്നു. ഇത് സമയനഷ്ടവും ചെലവേറിയതുമാണ്.
ഭൂമിക്ക് മതിയായ വെള്ളം ലഭിക്കുന്നതും അരുവികളില്‍ വെള്ളം നിറഞ്ഞു തുടങ്ങിയതും കൃഷിയിടങ്ങളെ സമ്പന്നമാക്കുമെന്ന പ്രതീക്ഷയിലാണ് കൃഷിക്കാരും തൊഴിലാളികളും. മസ്‌റകളില്‍ ഏറേയും തൊഴില്‍ ചെയ്യുന്നത് ബംഗ്ലാദേശികളാണ്.ഈ മേഖലയില്‍ മലയാളികള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ചുരുക്കം ചിലര്‍ മാത്രമേയുള്ളു. ചീര, പൊതിന, ജര്‍ജന്‍ തുടങ്ങി വിവിധ ഇനം ഇലകളും കൂസ, കക്കിരി, പാവക്ക, തക്കാളി, ഉള്ളി തുടങ്ങിയവയുമാണ് ഏറേയും. ആവശ്യത്തിന് മഴ ലഭിച്ചാല്‍ വിളവും സമൃദ്ധമാകും.    
ഏതാനും വര്‍ഷമായി സമീപങ്ങളിലെ കിണറുളാണ് ആശ്രയിച്ചിരുന്നതെന്നും കിണര്‍ വറ്റിത്തുടങ്ങുമ്പോള്‍ ടാങ്കര്‍ വെള്ളമാണ് ഉപയോഗിക്കാറുള്ളതെന്നും ഇത് ചെലവേറിയതാണെന്നും തൊഴിലാളികള്‍ പറയുന്നു.
അസീറിലെ പഴക്കം ചെന്ന മരങ്ങള്‍ സംരക്ഷിക്കാനും നഗരങ്ങളില്‍ ചെടികളും പൂക്കളും വെച്ചു പിടിപ്പിക്കാനും അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ പ്രഖ്യാപിച്ച  ശിയം ആന്റ് ഖിയം പദ്ധതിക്കും ഇപ്പോള്‍ ലഭിച്ച മഴ വലിയ സഹായമാകും.
നഗരത്തിലും പരിസരത്തുമായി  ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പുതിയ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.  4, 0,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പദ്ധതി. ഖമീസ് മുഷൈത്ത് മുന്‍സിപ്പാലിറ്റിയുടെ പരിധിയിലെ തെരുവുകള്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധയിനം പൂച്ചെടികളും പരിപാലിക്കുന്നു. പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളിലായി ഇരുപതിനായിരത്തിലേറെ ചെടികളാണ് നട്ടുപിടിപ്പിച്ചത്.

 

 

Latest News