വി.ഡി സതീശൻ അധിക്ഷേപിച്ചു, മോശമായി സംസാരിച്ചുവെന്ന് മന്ത്രി വീണ

തിരുവനന്തപുരം- കൊച്ചി ബ്രഹ്‌മപുരം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും മോശമായി സംസാരിച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ വളരെ മോശമായാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. ബ്രഹ്‌മപുരത്ത് തീപ്പിടിത്തമുണ്ടായി പത്തുദിവസത്തിനു ശേഷം കൊച്ചിയിലെത്തി മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞുവെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. താൻ അദ്ദേഹത്തെ ചലഞ്ച് ചെയ്യുകയാണ്. അഞ്ചാം തീയതി കൊച്ചിയിലെത്തി യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ എം.എൽ.എമാരായ ടി.ജെ. വിനോദും ഉമാ തോമസും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് അന്നത്തെ യോഗത്തിൽ ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണെന്നും അത് ഓർക്കണമെന്നും മന്ത്രി പറഞ്ഞു. 
ഇന്ന് രാവിലെ നിയമസഭയിൽ ആരോഗ്യമന്ത്രിക്ക് എതിരെ അതിരൂക്ഷമായ വിമർശനമാണ് വി.ഡി സതീശൻ ഉന്നയിച്ചിരുന്നത്. വിഷപ്പുക നിറഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ പത്തു ദിവസം കാത്തിരുന്ന ശേഷം അവിടെ എത്തി മാസ്‌ക് ധരിക്കാനായിരുന്നു ആരോഗ്യമന്ത്രി നിർദ്ദേശിച്ചത്. നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രി എന്നായിരുന്നു സതീശന്റെ വാക്കുകൾ.
 

Latest News