നാഗ്പൂര്‍- ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കുന്ന പ്രചാരക്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രതി കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തി. വ്യാഴാഴ്ചയാണ് പരിപാടി. അതിനിടെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച മകളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ട മുഖര്‍ജി രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരും മറക്കും, പക്ഷെ ആ ചിത്രങ്ങള്‍ ഒരിക്കലും മായില്ലെന്ന് ശര്‍മിഷ്ഠ പ്രതികരിച്ചു.
ബിജെപിയുടെ കെണിയില്‍ അച്ഛന്‍ വീഴിലെന്ന് പ്രതീക്ഷിക്കുന്നതായും അതേസമയം കള്ളക്കഥകള്‍ പ്രചരിപ്പിക്കാന്‍ ആര്‍ എസ് എസിനും ബിജെപിക്കും മികച്ച അവസരമാണ് പ്രണബ് ഒരുക്കി കൊടുക്കുന്നതെന്നും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ശര്‍മിഷ്ഠ പ്രണബിന് മുന്നറിയിപ്പു നല്‍കി.
താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്നും ഈ പ്രചാരണത്തിനു പിന്നില്‍ ബിജെപിയാണെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം തന്നെ വിടുമെന്നും അവര്‍ പറഞ്ഞു. ഈ പ്രചാരണം പ്രണബിനെ ഉപയോഗിച്ചുള്ള ആര്‍എസ്എസിന്റെ കളിയുടെ തുടക്കമാണന്നും ശര്‍മിഷ്ട സൂചന നല്‍കി.
നാഗ്പൂരിലെ പ്രസംഗത്തില്‍ ആര്‍എസ്എസിന്റെ കാഴ്ചപ്പാടുകളെ താങ്കള്‍ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല. ഈ പ്രസംഗം എല്ലാവരും മറക്കും. പകരം ചിത്രങ്ങള്‍ എന്നെന്നും നിലനില്‍ക്കും. ഇതുപയോഗിച്ച് വ്യാജ പ്രസ്താവനകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും മികച്ച അവസരമൊരുക്കി നല്‍കുകയാണ് പ്രണബ് ചെയ്യുന്നതെന്നും ശര്‍മിഷ്ട ട്വിറ്ററില്‍ തുറന്നടിച്ചു.