ന്യൂദല്‍ഹി- രാഷ്ട്രപതി ഭവനില്‍ പരമ്പരാഗതമായി പ്രസിഡന്റ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്ന് ഇത്തവണ വേണ്ടെന്നു വച്ചു. റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായ അധികാരമേറ്റ ശേഷം രാഷ്ട്രപതി ഭവനില്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഒരു മതത്തിന്റേയും ആഘോഷങ്ങള്‍ നടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. മതേതര മൂല്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എല്ലാ മതങ്ങള്‍ക്കും ബാധകമായ ഈ തീരുമാനമെന്ന് രാഷ്ട്രപതിയുടെ വക്താവ് അശോക്് മാലിക് അറിയിച്ചു. രാഷ്ട്രപതി ഭവനില്‍ എല്ലാ വര്‍ഷവും പരമ്പരാഗതമായി സംഘടിപ്പിച്ചു വരുന്ന വിരുന്നുകളിലൊന്നാണ് ഇഫ്താറും. നേരത്തെ എപിജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായിരുന്ന 2002 മുതല്‍ 2007 വരെയുള്ള കാലയളവില്‍ മാത്രമാണ് ഈ വിരുന്ന് നടക്കാതിരുന്നത്. ഇതിനു ശേഷം ആദ്യമായാണ് ഇപ്പോള്‍ വീണ്ടും ഇഫ്താര്‍ വിരുന്ന് ഒഴിവാക്കുന്നത്. കോവിന്ദും കലാമും ബിജെപി പിന്തുണയിലാണ് രാഷ്ട്രപതിമാരായത്.