ന്യൂദല്‍ഹി- മിക്ക സംസ്ഥാനങ്ങളിലും ചുമയും ജലദോഷവും ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പലയിടത്തും ചുമയും അനുബന്ധ അസുഖങ്ങളും എച്ച്3 എന്‍2 വൈറസ് കാരണമാകാമെന്നതിനാലാണ് ആശങ്ക വര്‍ധിക്കുന്നത്.
ജനുവരി രണ്ടുമുതല്‍ മാര്‍ച്ച് അഞ്ചുവരെ രാജ്യത്ത് 451 എച്ച്3 എന്‍2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പറയുന്നു. മാസാവസാനത്തോടെ കേസുകള്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം എച്ച്3 എന്‍2 ബാധിതരില്‍ 92ശതമാനം പേര്‍ക്ക് പനിയും 86 ശതമാനം പേര്‍ക്ക് ചുമയും 27 ശതമാനം പേര്‍ക്ക് ശ്വാസതടസ്സവും 16 ശതമാനം പേര്‍ക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോഗബാധിതരില്‍ 16 ശതമാനം പേര്‍ക്ക് ന്യൂമോണിയയും ആറ് ശതമാനം പേര്‍ക്ക് ചുഴലിയും റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത ശ്വാസകോശ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരില്‍ പത്തു ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ സഹായം വേണ്ടിവന്നതായും 7ശതമാനം പേര്‍ക്ക് ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു. ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
പനി,ചുമ,മൂക്കൊലിപ്പ്, ശരീരവേദന,ഛര്‍ദി, ഓക്കാനം. വയറിളക്കം തുടങ്ങിയവയാണ് എച്ച്3 എന്‍2 രോഗലക്ഷണങ്ങള്‍.
രോഗപ്രതിരോധത്തിനായി ഐ.സി.എം.ആര്‍. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍:
വെള്ളവും സോപ്പും ഉപയോ?ഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക
മാസ്‌ക് ഉപയോഗിക്കുകയും ആള്‍ക്കൂട്ടമുള്ള ഇടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.
മുഖവും മൂക്കും ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാന്‍ ഇടവരുത്താതിരിക്കുകയും ചെയ്യുക.
പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാല്‍ ഡോക്ടര്‍മാര്‍ നല്‍കിയ മരുന്നുകള്‍ മാത്രം കഴിക്കുക.
ആന്റിബയോട്ടിക്കുകള്‍ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)