കണ്ണൂർ - യു.ഡി.എഫ് ഭരണ കാലത്ത് പോലീസ് അസോസിയേഷൻ നേതാക്കളായിരുന്ന ചിലരാണ് സർക്കാരിന്റെ പ്രതിഛായ തകർക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് കെവിൻ കേസുമായി അറസ്റ്റിലായ എ.എസ്.ഐ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി നടന്നയാളാണ്. നിലവിൽ പോലീസ് അസോസിയേഷന്റെ ഭാഗമായ ഒരു പോലീസുകാരനെതിരെയും ആരോപണം ഉയർന്നിട്ടില്ല.
ആരോപണങ്ങൾ ഉയർന്നവരെല്ലാം തന്നെ നേരത്തെ യു.ഡി.എഫ് ഭരണകാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവർത്തിച്ച ആളുകളാണ്. അതിനാൽ തന്നെ ഇതിനകത്തെ കളി വ്യക്തമാണ്. കോട്ടയത്തെ എ.എസ്.ഐ ഉമ്മൻ ചാണ്ടിയുടെ കൂടെ സുരക്ഷാ ചുമതലയുള്ള ആളായിരുന്നു -കോടിയേരി ആരോപിച്ചു.
സർക്കാരിന്റെ പ്രതിഛായക്കു മങ്ങൽ ഏറ്റിട്ടില്ല. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് ഇടപെടുക സാധാരണമാണ്. ഇത്തരം പ്രശ്‌നങ്ങളിൽ സർക്കാർ എടുക്കുന്ന നിലപാടുകളാണ് പ്രധാനം. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല പോലീസ് സ്വീകരിക്കുന്നത്. പോലീസിൽ ചെറിയൊരു വിഭാഗം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്. പോലീസിലെ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും. സർവീസിൽ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള നടപടികളാവും സ്വീകരിക്കുക. പോലീസ് ആക്ട് അനുസരിച്ചാണ് പോലീസ് സേനാംഗങ്ങൾ പ്രവർത്തിക്കേണ്ടത്. ഇത് അനുസരിക്കാത്തവർക്കെതിരെ സക്തമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ ചില മാധ്യമങ്ങൾ യു.ഡി.എഫ് ഘടക കക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.