Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യ വിമാനത്തില്‍ അക്രമാസക്തനായി, കൈകാലുകൾ ബന്ധിച്ചു

മുംബൈ- എയര്‍ ഇന്ത്യ ലണ്ടന്‍-മുംബൈ വിമാനത്തില്‍ ടോയ്‌ലെറ്റില്‍  പുകവലിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിന് യു.എസ് പൗരനെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു.
ശനിയാഴ്ച യാത്രാമധ്യേ വിമാനത്തില്‍ ശല്യം ചെയ്ത 37 കാരനായ രമാകാന്തിനെതിരെയാണ് മുംബൈ സഹാര്‍ പോലീസ് സ്‌റ്റേഷനില്‍ കേസെടുത്തത്. പ്രതി ഇന്ത്യന്‍ വംശജനാണെന്നും എന്നാല്‍ യു.എസ് പൗരനാണെന്നും യു.എസ് പാസ്‌പോര്‍ട്ട് കൈവശമുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതി മദ്യപിച്ചതാണോ മാനസിക വിഭ്രാന്തിയിലായിരുന്നോ  എന്ന് സ്ഥിരീകരിക്കാന്‍ പ്രതിയുടെ രക്ത സാമ്പിള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

യാത്രക്കാരന്‍ ബാത്ത്‌റൂമിലേക്ക് പോയപ്പോള്‍ അലാറം മുഴങ്ങുകയായിരുന്നു. ജീവനക്കാര്‍ ബാത്ത്‌റൂമിലേക്ക് ഓടി എത്തിയപ്പോള്‍ കൈയില്‍ സിഗരറ്റ് കണ്ടു. സിഗരറ്റ് പിടിച്ചുവാങ്ങിയപ്പോള്‍ രമാകാന്ത് അക്രമാസക്തനായെന്നും ജീവനക്കാരോട് ആക്രോശിച്ചുവെന്നുമാണ് പരാതി.  ഒരു വിധത്തില്‍ സീറ്റില്‍ എത്തിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെന്നും ജീവനക്കാര്‍ പറയുന്നു.
ഇയാളുടെ പെരുമാറ്റം കണ്ട് യാത്രക്കാരെല്ലാം ഭീതിയിലായിരുന്നു. അലറി വിളിച്ചുകൊണ്ടിരുന്നയാളെ കൈയും കാലു കെട്ടിയാണ് സീറ്റില്‍ ഇരുത്തിയതെന്ന്  എയര്‍ ഇന്ത്യ ജീവനക്കാരന്‍ സഹര്‍ പോലീസിനോട് പറഞ്ഞു. യാത്രക്കാരിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ബാഗില്‍ മരുന്നുണ്ടെന്നാണ് പറഞ്ഞത്. ബാഗ് പരിശോധിച്ചപ്പോള്‍ മരുന്നിനു പകരം ഇ-സിഗരറ്റാണ് ലഭിച്ചത്. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍  രാംകാന്തിനെ സഹര്‍ പോലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News