Sorry, you need to enable JavaScript to visit this website.

വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ വധു ആത്മഹത്യ ചെയ്തു, പിന്‍മാറ്റത്തിന്റെ കാരണം തേടി പോലീസ്

തിരുവനന്തപുരം : വിവാഹ നിശ്ചയത്തിന് ശേഷം വധുവില്‍ നിന്നും ബന്ധുക്കളില്‍ നിന്ന് പണം തട്ടിയെടുത്ത്  വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് വധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ വരനെതിരെ അന്വേഷണം.  നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ മകള്‍ ആതിരാ ശ്രീകുമാറി(23)നെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  പനയമുട്ടം സ്വാതി ഭവനില്‍ സോനുവുമായി ഏപ്രില്‍ 30 ന് ആതിരയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ താന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സോനു ഫോണില്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന്  ആതിര ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് സോനു ആതിരയെ വിവാഹം കഴിക്കാന്‍ തയ്യാറായത്. എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ആതിരയുടെ ശമ്പളം മുഴുവന്‍ സോനു കൈക്കലാക്കിയിരുന്നതായി ആതിരയുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല പല ആവശ്യങ്ങള്‍ പറഞ്ഞ് ആതിരയുടെ ബന്ധുക്കളില്‍ നിന്ന് വലിയ തുകകള്‍ വാങ്ങിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ് തനിക്ക് ജോലിയെന്നാണ് സോനു ആതിരയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. സോനുവിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെയും, ജോലിയെക്കുറിച്ചും ആതിരയുടെ വീട്ടുകാര്‍ അന്വേഷണത്തിനിറങ്ങിയതോടെയാണ് വിവാഹത്തില്‍ നിന്ന് താന്‍ പിന്‍മാറുന്നതായി സോനു അറിയിച്ചത്. ഇത് അറിഞ്ഞ ഉടന്‍ ആതിര ആത്മഹത്യ ചെയ്യുകയായിരുന്നു. സോനുവിനെതിരെയുള്ള പരാതിയില്‍ നെടുമങ്ങാട്് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചു

 

 

Latest News