Sorry, you need to enable JavaScript to visit this website.

കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് ഉച്ചയ്ക്ക്  കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ വന്നിറങ്ങും 

തൃശൂര്‍- കേന്ദ്രമന്ത്രി അമിത് ഷായെ വരവേല്‍ക്കാന്‍ തൃശൂര്‍ ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ വന്നിറങ്ങുന്ന അമിത് ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നേരത്തെ ലുലു ഹെലിപാഡില്‍ ഇറങ്ങുമെന്നാണ് നിശ്ചയിച്ചതെങ്കിലും റോഡ് പണികള്‍ നടക്കുന്നത് സുരക്ഷാപ്രശ്‌നം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടനെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.
ബി.ജെ.പിയുടെ രണ്ട് പരിപാടികളിലും ശക്തന്‍ സമാധിയിലെ പുഷ്പാര്‍ച്ചനയും വടക്കുന്നാഥ ക്ഷേത്രദര്‍ശനവുമാണ് അമിത്ഷായുടെ ഏകദിന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടിനാണ് വടക്കെച്ചിറയ്ക്ക് സമീപമുള്ള കൊട്ടരത്തിലെ ശക്തന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അമിത് ഷാ എത്തുന്നത്. ബി.ജെ.പി നേതാക്കള്‍ക്ക് പുറമേ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മൂന്നു മണിക്കാണ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി നേതൃയോഗം.ജോയ് പാലസില്‍ നടക്കുന്ന യോഗത്തില്‍ അമിത് ഷായ്ക്ക് പുറമേ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, അഡ്വ. പി. സുധീര്‍, സംഘടന സെക്രട്ടറി എം. ഗണേശന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും. തെക്കെ ഗോപുര നടയില്‍ വൈകിട്ട് അഞ്ചിന് അരലക്ഷം പേര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ അഞ്ചിന് നിശ്ചയിച്ച പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 
അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതിനാല്‍ ഇന്നലെ രാവിലെ മുതല്‍ പോലീസിനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
തൃശൂര്‍ നഗരത്തിലും പരിസരങ്ങളിലും ഇന്ന് 12 മുതല്‍ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാര്‍ക്കിംഗ് അനുവദിക്കില്ല. റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്‌സിന് സമീപമുളള കോര്‍പറേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍, പടിഞ്ഞാറെക്കോട്ട നേതാജി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. 


 

Latest News