സിഡ്‌നി-ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാം വിമർശകൻ എന്ന പേരിൽ അറിയപ്പെടുന്ന ആസ്‌ട്രേലിയൻ പൗരൻ ശെർമോൻ ബർഗസ് ഒടുവിൽ ഇസ്‌ലാം സ്വീകരിച്ചത് ഈയിടെയാണ്. നേരത്തെ ഇസ്‌ലാമിക വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് ശെർമോനെ ലോകം അറിഞ്ഞിരുന്നത്. മാനവരാശിയെ ബാധിച്ച കാൻസറാണ് ഇസ്‌ലാമും മുസ്ലിംകളും എന്നായിരുന്നു ശെർമോന്റെ കടുത്ത വിമർശനങ്ങളിലൊന്ന്. നിരവധി ഇസ്‌ലാമിക വിരുദ്ധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ശെർമോൻ ഇസ്‌ലാമിനെതിരെ വെറുപ്പ് പടർത്തുന്ന സംഘടനയിൽ അംഗത്വവും നേടിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ശെർമോൻ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാം സ്വീകരിക്കാനുണ്ടായ കാരണങ്ങൾ വിശദീകരിച്ചു കൊണ്ട് ശെർമോൻ ചെയ്ത ട്വീറ്റുകളാണ് ഇപ്പോൾ മാധ്യമ ശ്രദ്ധയാകർശിച്ചിരിക്കുന്നത്. ദൈവിക മാർഗ ദർശനത്തിൽ നിന്നും അപഥ സഞ്ചാരം നടത്തിയ ആധുനിക യൂറോപ്പ് മദ്യത്തിലും ലൈംഗിക അരാചകത്വത്തിലും മനശാന്തി തേടിക്കൊണ്ടിരിക്കുകയാണ്, ജീവിതത്തിന്റെ ലക്ഷ്യബോധം തെറ്റിയതാണ് ഇതിനു കാരണം. വിശ്വാസം സ്വീകരിക്കുന്നതോടെ അതിനെല്ലാം പരിഹാരമാകും. ഇസ്‌ലാമിക സമൂഹത്തിലെ വ്യക്തികൾ വളരെ ലളിതമായാണ് ജീവിക്കുന്നത് തുടങ്ങിയ അദ്ദേഹത്തിന്റെ ട്വീറ്റുകൾ അറബ് ലോകത്തും ചർച്ചയായി.
പടിഞ്ഞാറൻ രാജ്യങ്ങളുടെ ഒളി അജണ്ടകളെ പ്രതിരോധിക്കാൻ കഴിവുള്ള ഒരേയൊരു മതം ഇസ്ലാമാണെന്ന് അവകാശപ്പെട്ടാണ് മുൻ തീവ്ര വലതുപക്ഷ നേതാവു കൂടിയായി ശെർമോൻ പരിവർത്തനം ചെയ്തത്. പടിഞ്ഞാറ് വഴി തെറ്റി. ആളുകൾ വിഷാദത്തിലാണ്. മദ്യം, മയക്കുമരുന്ന്, അശ്ലീലം എന്നിവ പടിഞ്ഞാറിനെ കീഴടക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എല്ലാതരത്തിലുള്ള മോശം പ്രവൃത്തികളിൽനിന്നും ഇസ്‌ലാം നിങ്ങളെ തടയുകയും ജീവിതം അർത്ഥവത്താക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക പ്രതിജ്ഞയുടെ അറബി പദമായ ഷഹാദ (സത്യസാക്ഷ്യ)മാണ് താൻ സ്വീകരിച്ചതെന്നും തന്നെ പ്രാദേശിക പള്ളി സ്വാഗതം ചെയ്തിട്ടുണ്ടെന്നും ശെർമോൻ വ്യക്തമാക്കി. അക്രമാസക്തമായ മുസ്ലിം വിരുദ്ധ ഗാനമായ ബോർഡർ പട്രോൾ എഴുതിയ യുറീക്ക ബ്രിഗേഡ് എന്ന മെറ്റൽ ബാൻഡിലെ അംഗമായിരുന്നു ശെർമോൻ. മുസ്ലിം പള്ളികൾ കത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പാട്ടായിരുന്നു ഇത്.