നിർദേശങ്ങൾ നൽകിയും ഗിഫ്റ്റുകൾ വിതരണം ചെയ്തും മതപരമായ സംശയങ്ങൾക്കു മറുപടി നൽകിയും ഹറമുകളിൽ ഇനി റോബോട്ടുകളും
മക്ക-മദീനയിലെയും മക്കയിലെയും വിശുദ്ധ ഹറമിലൂടെ നടക്കുകയും പ്രാർത്ഥനയിൽ ഏർപ്പെടുകയും ചെയ്യുക എന്നത് വിശ്വാസികൾക്ക് എന്നും നിറവുള്ള അനുഭവമാണ്. ഹറമുകളുടെ വിശുദ്ധിയിൽ ലയിച്ചുള്ള വിശ്വാസികളുടെ പ്രാർത്ഥനാവഴികളിൽ ഒപ്പം കൂടുകയാണ് ഒരു കൂട്ടം റോബോട്ടുകൾ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശ്വാസികൾക്കു നിർദേശങ്ങൾ നൽകുന്നതിനും ഗിഫ്റ്റുകൾ സമ്മാനിക്കുന്നതിനും മതപരമായ സംശയങ്ങൾക്ക് മറുപടി പറയുന്നതിനും റോബോട്ടുകളുടെ സേവനം ലഭ്യമാണ്. ഹറം പള്ളിയുടെ അകവും പുറവും അണുവിമുക്തമാക്കുന്നതിനും സംസം പാനീയം വിതരണം ചെയ്യുന്നതിനുമൊക്കെ ചെറിയ രീതിയിൽ കഴിഞ്ഞ വർഷം തന്നെ നിർമിത ബുദ്ധിയുപയോഗിച്ചു പ്രവർത്തിക്കുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ഹജ് ഉംറ കർമ രീതി വിശദീകരിക്കുക, മതപരമായ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുക, ഹാജിമാർക്കുള്ള ഗിഫ്റ്റുകൾ വിതരണം ചെയ്യുക തുടങ്ങിയവ കൂടി ഉൾപ്പെടുത്തി വിപുലമാക്കിയിരിക്കുകയാണ് റോബോട്ടുകളുടെ സേവനം.
ഓൺലൈനായി മതപണ്ഡിതരോട് മതവിധി തേടാനുള്ള സൗകര്യവും വിവിധ ഭാഷകളിലേക്കുള്ള അവയുടെ തത്സമയയ വിവർത്തനവും വൈകാതെ തന്നെ ലഭ്യമാക്കും. നിർമിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ഇലക്ടോണിക് പ്ലാറ്റ്‌ഫോമുകളുടെയും ആപ്ലിക്കേഷനുകളുടെയും സഹായത്തോടെ ഇരു ഹറമുകളിലേക്കുമെത്തുന്നവർക്ക് വേഗത്തിലും ക്യത്യതയോടെയും പരമാവധി സേവനം നൽകാനുള്ള സമ്പൂർണ്ണ പദ്ധതി വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് ഇരു ഹറം കാര്യാലയ പ്രസിഡൻസിയിലെ കമ്പ്യൂട്ടർ വൽക്കരണ വിഭാഗത്തിന്റെ ഉപ മേധാവി എഞ്ചിനിയർ വിസാം മിഖ്ദാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എല്ലാവിധ മൊബെലുകളിലും ഡിവൈസുകളിലും പ്രവർത്തിക്കുന്ന തരത്തിൽ അറബിയിലും ഇംഗ്ലീഷിലുമായുള്ള പ്രാർത്ഥനകളും കീർത്തനങ്ങളുമടങ്ങിയ അപ്ലിക്കേഷൻ ഹറം പ്രസിഡൻസി അടുത്തിടെ പുറത്തിറക്കിയ കാര്യം ചൂണ്ടിക്കാണിച്ച എഞ്ചിനിയർ വിസാം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഹറമുകളുമായി ബന്ധപ്പെട്ട ഹജ് ഉംറ റൗദയിലെ നമസ്‌കാരം ഇഅ്തികാഫ് ബുക്കിങ്ങ്, നോമ്പു തുറ, സുപ്രവിരിക്കാനുള്ള സ്ഥലങ്ങളുടെ ബുക്കിങ്,വിൽ ചെയർ, ഇലക്ടിക് കാർട്ട് ബുക്കിങ്ങും വിളിച്ചു വരുത്തലും പരാതികളും അപേക്ഷകളും സമർപ്പിക്കൽ തുടങ്ങി എല്ലാവിധ സേവനങ്ങളും ഉൾപെടുത്തിയതായും വ്യക്തമാക്കി.
2021 ജൂലൈയിലാണ് ഹറമില്‍ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തി തുടങ്ങിയത്. ഈയിടെയാണ് കൂടുതല്‍ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഉദ്ഘാടന സമയത്തെ വീഡിയോ ലിങ്ക് താഴെ.
President Sheikh Sudais inaugurated the “Zamzam Water Robot” in Masjid Al Haram, Makkah pic.twitter.com/xvUBzDtxcm
— The Holy Mosque's (@theholymosques) June 12, 2021