തിരുവനന്തപുരം: കുളത്തൂപ്പുഴയ്ക്കടുത്തുള്ള വില്ലുമല ആദിവാസി മേഖലയിലെ 38 വയസുകാരന് കരിമ്പനി സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും എല്ലാ പ്രതിരോധ മാർഗങ്ങളും ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഒരാൾക്ക് കരിമ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സർവയലൻസ് ഓഫീസർ, വെക്ടർ കൺട്രോൾ യൂണിറ്റ്, മലേറിയ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും ഉറവിടം കണ്ടെത്തുകയും ചെയ്തു. ജനപ്രതിനിധികളുടേയും ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിൽ യോഗം കൂടി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മണലീച്ചകളാണ് കരിമ്പനി പരത്തുന്നത് എന്നതിനാൽ അവയെ നശിപ്പിക്കുകയാണ് പ്രധാന പ്രതിരോധ മാർഗം. ഇതിന്റെ ഭാഗമായി വീടുകളിൽ കരിമ്പനിക്ക് കാരണക്കാരായ മണലീച്ചകളെ നശിപ്പിക്കാനായി പ്രത്യേക ലായനി തളിക്കുന്നതാണ്. ആരോഗ്യവകുപ്പിലേയും മെഡിക്കൽ കോളേജിലേയും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ കരിമ്പനി ബാധിത പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ രോഗലക്ഷണമുള്ളവർക്ക് പ്രത്യേക പരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം അവബോധ പരിപാടികളും സംഘടിപ്പിക്കുന്നതാണ്.
കുളത്തൂപ്പുഴ വനത്തിനോട് ചേർന്നുള്ള പ്രദേശത്ത് താമസിക്കുന്ന യുവാവ് ക്ഷീണവും വയറുവേദനയുമായാണ് മെഡിക്കൽ കോളേജിലെത്തിയത്. സംശയത്തെ തുടർന്ന് ആർ.സി.സി.യിൽ നടത്തിയ ബോൺമാരോ പരിശോധനയിലാണ് കരിമ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ യുവാവിന് പ്രത്യേകമായി വിദഗ്ധ ചികിത്സ നൽകുകയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു.
എന്താണ് കരിമ്പനി?
ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകർച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാ അസാർ. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. കേരളത്തിന്റെ ആദിവാസി മേഖലകളിൽ ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കേരളത്തിൽ കരിമ്പനി അപൂർവമായി മാത്രമേ കാണാറുള്ളൂ. മൂന്ന് വർഷങ്ങൾക്ക് മുമ്പ് തൃശൂർ മലപ്പുറം ജില്ലകളിലായി മൂന്നു പേരിൽ കരിമ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2005ലും 2016ലും കരിമ്പനി റിപ്പോർട്ട് ചെയ്തിരുന്നു.
കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകൾ അഥവാ സാന്റ് ഫ്‌ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികൾ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരളമായി കാണാം. മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകൾ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന രോഗ പ്രതിരോധ മാർഗം.
മാരകമായ രോഗമായതിനാൽ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ആന്തരികാവയവങ്ങളായ പ്ലീഹ, കരൾ, അസ്ഥിമജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണവുമാകും. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിഞ്ഞാൽ പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണ് കരിമ്പനി.