കണ്ണൂർ- മലബാറിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷം, ആഘോഷ കമ്മിറ്റിയും സേവാസമിതിയും തമ്മിലുള്ള നിയമപോരാട്ടത്തിൽ നിറം കെടുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ഭക്തജനങ്ങൾ രംഗത്ത്. പതിനായിരങ്ങൾ പങ്കെടുക്കുന്ന ക്ഷേത്ര കലാ പരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇത്തവണ ആഘോഷം നടത്താൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഒരുവിഭാഗം നേടിയതും സ്ഥിതിഗതികൾ വഷളാക്കി.
വർഷങ്ങളായി ഉത്സവാഘോഷവും ക്ഷേത്രത്തിൽ നിർമാണ പ്രവർത്തനങ്ങളും മറ്റും നടത്തിവന്നിരുന്ന സേവാ സമിതിയെ കഴിഞ്ഞ വർഷം മുതൽ മാറ്റി നിർത്തിയതോടെയാണ് അഭിപ്രായഭിന്നത രൂപപ്പെട്ടത്. നല്ലനിലയിൽ വർഷങ്ങളായി നടന്നുവന്നിരുന്ന ഉത്സവാഘോഷം രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതയിൽ വിവാദത്തിലായി. ക്ഷേത്രങ്ങളിൽ സ്ഥിരം സമിതി പാടില്ലെന്ന മലബാർ ദേവസ്വം ബോർഡിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സേവാ സമിതിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ദേവസ്വം ബോർഡ് നിർദേശം നൽകിയത്.
ഇത്തവണ ഉത്സവാഘോഷത്തിന്റെ തുടക്കം മുതൽ തന്നെ പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പലയിടത്തും സ്ഥാപിച്ച ശബ്ദ സംവിധാനത്തിനെതിയായിരുന്നു ആദ്യത്തെ പരാതി. കോളാമ്പി സെറ്റ് ഉപയോഗിക്കുന്നതിനെതിരെ പരാതി വന്നപ്പോൾ അത് ബോക്സിലേക്ക് മാറ്റാൻ ഉത്സവാഘോഷ കമ്മിറ്റി തയാറായി. എന്നാൽ അതിനെതിരെയും പരാതിയുയർന്നപ്പോൾ അതും മാറ്റി. പിന്നീടും സൗണ്ട് സിസ്റ്റം തടസ്സപ്പെടുത്താൻ ചിലർ ശ്രമിച്ചതായും ഉത്സവാഘോഷ കമ്മിറ്റി ആരോപിക്കുന്നു.
ഇതിനിടെയാണ് തൃച്ചംബരം ഉഷസിലെ മനോജ് എന്നയാൾ പൂക്കോത്ത് നടയിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ ഗതാഗത തടസ്സത്തിനിടയാക്കുമെന്ന് ചൂണ്ടി കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് പൂക്കോത്ത് നടയിൽ ഗതാഗത തടസ്സം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കലാപരിപാടികൾ നിർത്തിവെക്കാൻ തളിപ്പറമ്പ് പോലീസ് നോട്ടീസ് നൽകുകയും ചെയ്തു. ക്ഷേത്ര ഉത്സവത്തിന് പന്തം പിടിക്കുന്ന ആളാണ് പരാതിക്കാരനായ മനോജ്. ഇതിന് പ്രതിഫലവും അദ്ദേഹം കൈപ്പറ്റുന്നുണ്ട്. അത്തരമൊരു ആൾ ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടി തടസ്സപ്പെടുത്താൻ കോടതിയെ സമീപിക്കാമോ എന്ന ചോദ്യമാണ് ഭക്തജനങ്ങളിൽ ഒരു വിഭാഗം ഉയർത്തുന്നത്. ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
ദേശീയപാതയുടെ ഭാഗമായ പൂക്കോത്ത് നടയിലാണ് ഒരു നൂറ്റാണ്ടിലേറെ കാലമായി ക്ഷേത്ര ചടങ്ങുകളും കലാപരിപാടികളും നടക്കാറുള്ളത്. ദേശീയപാത വരുന്നതിന് മുമ്പു മുതൽ ഇവിടെയായിരുന്നു പരിപാടികൾ നടന്നിരുന്നത്. ആയിരക്കണക്കിനാളുകൾ ഇവിടെ കലാപരിപാടികൾ കാണാനും ക്ഷേത്ര ചടങ്ങുകൾക്കുമായി ഇവിടെയെത്താറുണ്ട്. ഉത്സവം നടക്കുന്ന സമയങ്ങളിൽ ഒരു ഭാഗത്തെ റോഡ് അടച്ച് മറുഭാഗത്തു കൂടിയാണ് വാഹനങ്ങൾ കടത്തിവിടാറുള്ളത്. പതിനായിരങ്ങൾ എത്തിയാലും ഗതാഗതം തടസ്സപ്പെടാറില്ല.
തൃച്ചംബരം ക്ഷേത്ര ഉത്സവത്തിന് സമാപനം കുറിക്കുന്ന കൂടിപ്പിരിയൽ എന്ന ചടങ്ങ് നടക്കുന്നത് പൂക്കോത്തു നടയിലെ റോഡിലാണ്. ജാതി മത ഭേദമില്ലാതെ ആയിരക്കണക്കിനാളുകൾ ഈ ചടങ്ങ് കാണാനെത്താറുണ്ട്. നിയമ നടപടികളിലൂടെ ഈ ചടങ്ങും വിലക്കപ്പെടുമോ എന്ന ആശങ്കയാണ് ഒരു വിഭാഗം ഉയർത്തുന്നത്.